ചെന്നൈ: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ ഇൻഡോ-ചൈന ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാരിൽ തമിഴ്നാട് സ്വദേശിയും. രാമനാഥപുരം തിരുവാടാനൈ താലൂക്കിലെ വീരസിങ്കംമഠം കടുക്കലൂർ ഗ്രാമത്തിലെ കാളിമുത്തുവിെൻറ മകൻ കെ. പളനിയാണ് (40) രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായത്. ഭാര്യ: വാനതിദേവി. മക്കൾ: പ്രസന്ന (11), ദിവ്യ (എട്ട്).
രാമനാഥപുരത്താണ് ഇവർ താമസിക്കുന്നത്. 22 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന പളനിയുടെ മരണവിവരം ചൊവ്വാഴ്ച ഉച്ചയോടെയാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് പളനി ഭാര്യയോട് മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ജോലി ആവശ്യാർഥം അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും ഇനി കുറച്ചുദിവസം സംസാരിക്കാൻ കഴിയില്ലെന്നും അറിയിച്ചിരുന്നു.
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിനും ഉച്ചക്ക് 12നുമിടയിൽ നാട്ടിലെത്തിച്ച് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പളനിയുടെ സഹോദരൻ ഇദയകനിയും പത്തുവർഷമായി സൈന്യത്തിലാണ്. രാജസ്ഥാനിലുള്ള ഇദയകനിയാണ് മരണവിവരം ആദ്യമറിഞ്ഞത്. ജ്യേഷ്ഠെൻറ പ്രചോദനമാണ് താനും പട്ടാളത്തിൽ ചേരാൻ കാരണമായതെന്ന് ഇദയകനി പറഞ്ഞു.
പളനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 20 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് യോഗ്യതക്കനുസരിച്ച് സർക്കാർ ജോലിയും നൽകും. മരണവാർത്തയറിഞ്ഞ് ഗ്രാമവാസികൾ പളനിയുടെ വീട്ടിലേക്ക് ഒഴുകുകയാണ്. മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.