ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് കോഴവിവാദം തുടരുന്നു. ഒ. പന്നീർ സെല്വത്തിെൻറ നേതൃത്വത്തിലുള്ള വിമതവിഭാഗമായ അണ്ണാഡി.എം.കെ പുരട്ച്ചിതലൈവി അമ്മ പക്ഷത്തു നിന്ന് കൂടുമാറുന്നതിന് എടപ്പാടി, ദിനകരന് വിഭാഗങ്ങൾ അഞ്ചുകോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ശ്രീവൈകുണ്ഠം എം.എല്‍.എയും ഒ.പി.എസ് പക്ഷം നേതാവുമായ എസ്.പി. ഷണ്‍മുഖനാഥനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
പാര്‍ട്ടിയിലേക്ക് തിരികെയെത്തി പിന്തുണ പ്രഖ്യാപിക്കാന്‍ ഇരുപക്ഷത്തുനിന്നും സമ്മര്‍ദമുണ്ടെന്നും ഇതിനായി അഞ്ചുകോടി വരെ നല്‍കാമെന്നാണ് വാഗ്ദാനമുണ്ടായതെന്നും ഷൺമുഖനാഥന് പറഞ്ഞു. ജയലളിതയുടെ മരണത്തെത്തുടർന്ന് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ കൂവത്തൂര്‍ റിസോര്‍ട്ടിലെ ശശികലക്യാമ്പില്‍ നിന്ന് മതില്‍ചാടി രക്ഷപ്പെട്ട് പന്നീര് സെൽവത്തിനൊപ്പം എത്തിയയാളാണ് ഷൺമുഖനാഥൻ. കൂവത്തൂർ റിസോർട്ടിൽ ശശികലയും മറ്റും നാല് കോടി രൂപ മുതല്‍ ആറുകോടി രൂപ വരെ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായി ഇദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.
കൂവത്തൂർറിസോർട്ടിൽ നടന്ന വിലപേശൽസംബന്ധിച്ച് അണ്ണാഡി.എം.കെയിലെ ഇരുവിഭാഗങ്ങളിലുംപെട്ട മൂന്ന് എം.എൽ.എമാരുടെ വെളിപ്പെടുത്തൽ രഹസ്യകാമറ ഒാപറേഷനിലൂടെ ടി.വി ചാനലുകൾ രണ്ടുമാസം മുമ്പ് പുറത്തുവിട്ടിരുന്നു.
രണ്ടുകോടി മുതൽ പത്തുകോടി രൂപ വരെയും കിലോക്കണക്കിന് സ്വർണവും നൽകിയതായും എം.എൽ.എമാർ സമ്മതിച്ചിരുന്നു. ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ താമസിപ്പിച്ചതിന് കർണാടകയിൽനടന്ന ആദായനികുതി പരിശോധനയുടെ പശ്ചാത്തലത്തിൽ, പരസ്യമായ വിലപേശൽ നടന്ന കൂവത്തൂർ റിസോർട്ടിനെ മാറ്റിനിർത്തിയതിൽ കേന്ദ്രസർക്കാറിെൻറ ഇടപെടൽ സംബന്ധിച്ച് സംശയം ബലപ്പെട്ടിട്ടുണ്ട്. അണ്ണാഡി.എം.കെയുടെ പിന്തുണയും സഖ്യവും ആഗ്രഹിക്കുന്ന കേന്ദ്രസർക്കാർ കൂവത്തൂർ റിസോർട്ടിലെ കുതിരക്കച്ചവടത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ നടക്കാഞ്ഞത് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ ചോദ്യംചെയ്തു.
ജനാധിപത്യത്തെ കശാപ്പുെചയ്യാൻ കൂവത്തൂരിൽ സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്താൻ ആദായനികുതി പരിശോധന നടക്കേണ്ടതായിരുന്നെന്ന് മുൻ മുഖ്യമന്ത്രി പന്നീർ സെൽവവും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.