ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് നികുതി; പ്രതിപക്ഷത്തെ തള്ളി ധനമന്ത്രി

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി ഇളവ് നൽകണമെന്ന പ്രതിപക്ഷത്തി​ന്റെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി കൗൺസിലിൽ കേന്ദ്രം തനിയെയല്ല തീരുമാനമെടുക്കുന്നത്. കൗൺസിലിൽ മൂന്നിൽ രണ്ട് അംഗസംഖ്യ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരാണ്. പാർലമെന്റിൽ ബഹളമുണ്ടാക്കുന്നതിനുപകരം തങ്ങളുടെ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരോട് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വിഷയമുന്നയിക്കാൻ പറയുകയാ​ണ് പ്രതിപക്ഷം ​ചെയ്യേണ്ടതെന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ജി.എസ്.ടി സമ്പ്രദായം നിലവിൽ വരുന്നതിനുമുമ്പ് ഇൻഷുറൻസ് പ്രീമിയങ്ങൾക്കു​മേൽ സംസ്ഥാനങ്ങൾ നികുതി ഈടാക്കിയിരുന്നുവെന്നത് മറച്ചുപിടിക്കരുതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഇനത്തിൽ കേന്ദ്രം 24529 കോടി പോക്കറ്റിലാക്കിയെന്നാണ് പ്രചാരണം. കടൽക്കൊള്ളയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങൾ വിശേഷിപ്പിച്ചത്. ജി.എസ്.ടി ഇനത്തിൽ 100 രൂപ വാങ്ങിയാൽ 71 രൂപ സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. പാർലമെൻറിന് ജി.എസ്.ടി കൗൺസിലിനെ മറികടക്കാനാവില്ല. ഭരണഘടനാപരമായി കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതിപക്ഷം ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും നിർമല പറഞ്ഞു. ജി.എസ്.ടി കൗൺസിലിൽ വ്യത്യസ്ത സംസ്ഥാനങ്ങൾ ഉ​ൾപ്പെടുന്ന ​ഫിറ്റ്മെന്റ് കമ്മിറ്റിയാണ് നികുതി നിരക്ക് തീരുമാനിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായമുൾപ്പെടുത്താതെ നികുതി പരിഷ്‍കരണം നടന്നിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

എന്നാൽ, ജി.എസ്.ടി കൗൺസിലിലെ മൂന്നിൽ രണ്ട് അംഗസംഖ്യ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരായിരിക്കെ​ അവരിൽ മൂന്നിൽ രണ്ടുപേരും എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് നേരിട്ട് മൂന്നിൽ ഒന്ന് പ്രാതിനിധ്യമാണ് കൗൺസിലിലുള്ളത്. അതുകൊണ്ടുതന്നെ നികുതി ഇളവ് വേണമെങ്കിൽ നൽകാവുന്നതേയുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മൃഗീയഭൂരിപക്ഷം കൈയാളുന്ന എൻ.ഡി.എയുടെ തണലിൽ നികുതി കൂട്ടിയിട്ട് ധനമന്ത്രി പ്രതിപക്ഷത്തിനുനേരെ വിരൽ ചൂണ്ടുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Tags:    
News Summary - Tax on health insurance premiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.