മുംബൈ: രാജ്യത്തെ വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹീരനന്ദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 24 സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധനയുണ്ട്.
1978ൽ സഹോദരന്മാരായ നിരഞ്ജൻ ഹീരനന്ദാനിയും സുരേന്ദ്ര ഹീരനന്ദാനിയും ചേർന്നാണ് ഹീരനന്ദാനി ഡവലപേഴ്സ് സ്ഥാപിച്ചത്. ഇവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. വിദേശ ആസ്തികളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. വിദേശത്തെ നിക്ഷേപങ്ങൾ സംബന്ധിച്ച് ഹീരനന്ദാനി സഹോദരന്മാർ വിശ്വാസയോഗ്യമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം, റെയ്ഡ് സംബന്ധിച്ച് പ്രതികരിക്കാൻ ഹീരനന്ദാനി ഗ്രൂപ്പ് തയാറായിട്ടില്ല.
നാല് ദശകത്തിനിടെ, പ്രധാനമായും മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നിരവധി പ്രോജക്ടുകളാണ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്. നിരഞ്ജനും സുരേന്ദ്രയും വെവ്വേറെ റിയൽ എസ്റ്റേറ്റ് കമ്പനികളും നടത്തുന്നുണ്ട്. ഹീരനന്ദാനി കമ്യൂണിറ്റീസിന്‍റെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് നിരഞ്ജൻ. ഹൗസ് ഓഫ് ഹീരനന്ദാനിയുടെ ചെയർമാനും ഡയറക്ടറുമാണ് സുരേന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.