അമരാവതി: 2,000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തെ സ്വാഗതം ചെയ്ത് തെലുങ്ക് ദേശം പാർട്ടി നേതാവും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. നോട്ട് അസാധുവാക്കാനുള്ള നടപടി അഴിമതി തടയുമെന്ന് അദ്ദേഹം പറഞ്ഞു.
2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്. രാഷ്ട്രീയക്കാർ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിജയിക്കാൻ ശ്രമിക്കുന്നു. 2000 രൂപ നോട്ടുകളാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇത് ഒരു പരിധിവരെ ഇപ്പോൾ പരിശോധിക്കാൻ കഴിയും. ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ മുമ്പ് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും നായിഡു ചൂണ്ടിക്കാട്ടി.
മോദി സർക്കാറിന്‍റെ ഭരണപരിഷ്കാരമായാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ 2,000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കുന്നുത്. ഈ വർഷം സെപ്റ്റംബർ 30 വരെ മാത്രം 2,000 രൂപ നോട്ടുകൾ പ്രാബല്യത്തിൽ ഉണ്ടാകൂ. ബാങ്കുകൾ 2,000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്നും സെപ്റ്റംബർ 30 വരെ 2,000 രൂപ നോട്ട് അസാധുവല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
2016ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് രായ്ക്കുരാമാനം 500 രൂപയുടെയും 1,000 രൂപയുടെയും കറൻസി നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചത്. ഈ സന്ദർഭത്തിലാണ് 2,000 രൂപയുടെ കറൻസി പുറത്തിറക്കിയത്. കൊണ്ടുനടക്കാൻ എളുപ്പമാണെന്നും ഏറെ സുരക്ഷാ പ്രത്യേകതകൾ ഉള്ളതിനാൽ കള്ളനോട്ട് ഇറക്കാൻ കഴിയില്ലെന്നും സർക്കാറും റിസർവ് ബാങ്കും വാദിച്ചു. സുരക്ഷക്ക് 2,000 രൂപ നോട്ടിൽ പ്രത്യേക ചിപ് ഉണ്ടെന്നു വരെയെത്തി ഊഹാപോഹങ്ങൾ.
2,000 രൂപ നോട്ടിന്‍റെ പ്രചാരണം സർക്കാറും റിസർവ് ബാങ്കും പ്രോത്സാഹിപ്പിച്ചതു വഴി, 2018ൽ രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ 37.3 ശതമാനവും (6.73 ലക്ഷം കോടി രൂപ) 2,000 രൂപ നോട്ടായി മാറി. പക്ഷേ 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതു പോലെ 2,000 രൂപ നോട്ട് ഇറക്കിയതും വികലമായ ഭരണപരിഷ്കാരമാണെന്ന് പിന്നീട് തെളിഞ്ഞു. രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടുകളിൽ മുമ്പൻ 2,000 രൂപയുടേതാണ്. മാറ്റിയെടുക്കാൻ പ്രയാസമായതിനാൽ ആർക്കും തന്നെ ഈ നോട്ട് വേണ്ടാതായി. ഇത് തിരിച്ചറിഞ്ഞതോടെ 2,000 രൂപ നോട്ടിന്‍റെ അച്ചടി 2018-19ൽ റിസർവ് ബാങ്ക് നിർത്തി. 2023 മാർച്ച് 31ലെ കണക്കുപ്രകാരം 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. പ്രചാരത്തിലുള്ള മൊത്തം കറൻസി നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.