ഭാരത്പൂർ: വിദ്യാർഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റം നടത്തി അധ്യാപിക. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം. ഭാരത്പൂരിലെ സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയായിരുന്ന മീരയാണ് ലിംഗമാറ്റം നടത്തി പുരുഷനായത്. സ്കൂളിലെ വിദ്യാർഥിനി കൽപ്പന ഫൗസ്ദാറുമായി മീര പ്രണയത്തിലാവുകയും വിദ്യാർഥിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റം നടത്തി പുരുഷനാവുകയുമായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരവ് കന്തൽ എന്ന പേരാണ് മീര സ്വീകരിച്ചത്. പ്രണയത്തിന് വേണ്ടി ചെയ്യുന്നതെല്ലാം ശരിയാണ്. അതിനാലാണ് താൻ ലിംഗമാറ്റം നടത്തിയത് -ആരവ് പറഞ്ഞു. ഇരുവരും ഞായറാഴ്ച വിവാഹിതരായി.
സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ക്ലാസിൽ വെച്ചാണ് മീര ആദ്യമായി കൽപ്പനയെ കാണുന്നത്. കൽപ്പന സംസ്ഥാന തല കബഡി പ്ലേയറാണ്. ഇന്റർ നാഷണൽ കബഡി ടൂർണമെന്റിൽ പങ്കെടുക്കാൻ ജനുവരിയിൽ ദുബൈയിലേക്ക് പോകാനിരിക്കുകയാണ്.
കളിക്കളത്തിലെ സംസാരങ്ങൾക്കിടെയാണ് തനിക്ക് കൽപ്പനയെ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആരവ് പറയുന്നു. താനൊരു പെണ്ണായിട്ടാണ് ജനിച്ചതെങ്കിലും ആൺകുട്ടിയായി ജീവിക്കണമെന്ന് തന്റെ മനസ് നേരത്തെ തന്നെ പറയുന്നുണ്ടായിരുന്നു. അതിനിടെയാണ് കൽപ്പനയെ പരിചയപ്പെട്ടത്. 2019 ഡിസംബറിലാണ് താൻ ആദ്യ സർജറി ചെയ്തതെന്നും ആരവ് പറഞ്ഞു.
ദീർഘനാളായി താനും ആരവും പ്രണയത്തിലാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ പോലും അദ്ദേഹത്തെ വിവാഹം ചെയ്യുമായിരുന്നെന്നും കലപ്പന പറഞ്ഞു. ആദ്യം മുതൽ തന്നെ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു. ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്യും. ശസ്ത്രക്രിയക്ക് കൂടെ പോവുകയും ചെയ്യുമായിരുന്നു.' -കൽപ്പന പറഞ്ഞു. ബന്ധുക്കളുടെ ആശിർവാദത്തോടുകൂടിയാണ് ഇവരുടെ വിവാഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.