മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി​യെന്ന് വ്യാജ ഫോൺകോൾ; അമ്മ ഹൃദയംപൊട്ടി മരിച്ചു

ആ​ഗ്ര: പൊലീസിന്റെ പേരിൽ വന്ന വ്യാജ ഫോൺ കോൾ അധ്യാപികയായ 58കാരിയുടെ ​ജീവനെടുത്തു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. സർക്കാർ സ്കൂളിൽ അധ്യാപികയായ മാലതി വർമയാണ് പണംതട്ടാനുള്ള വ്യാജകോളിന് പിന്നാലെ ഹൃദയംപൊട്ടി മരിച്ചത്. മാലതിയുടെ കോളജ് വിദ്യാർഥിയായ മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്നും രക്ഷിക്കണ​മെങ്കിൽ പണംവേണമെന്നും പറഞ്ഞ് തിങ്കളാഴ്ചയാണ് വാട്ട്സ്ആപ്പിൽ ഒരു കോൾ വരുന്നത്. പൊലീസുകാരന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കിയ അക്കൗണ്ടിൽനിന്നായിരുന്നു കോൾ വന്നത്.

ഉച്ചയോടെയാണ് ഫോൺവിളി വന്നതെന്ന് മാലതിയുടെ മകൻ ദിപാൻഷു പറഞ്ഞു. കേസെടുക്കാതെ മകളെ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കണമെങ്കിൽ ഒരു ലക്ഷം രൂപ അയച്ചുതരണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായി മകൻ പറഞ്ഞു. മകൾ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയത് കുടുംബത്തിന് മാനഹാനി ഉണ്ടാക്കാതിരിക്കാനാണ് വിളിക്കുന്നതെന്നും ഇയാൾ മാലതിയോട് പറഞ്ഞു.

‘അമ്മ ആഗ്ര അച്‌നേരയിലെ സർക്കാർ ഗേൾസ് ജൂനിയർ ഹൈസ്‌കൂളിലെ ടീച്ചറാണ്. അയാളുടെ കോൾ വന്ന ശേഷം അമ്മ പരിഭ്രാന്തയായി എന്നെ വിളിച്ചു. ഞാൻ കോൾ വന്ന നമ്പർ ചോദിച്ചു. നമ്പർ നോക്കിയപ്പോൾ, അതിന് +92 എന്ന പ്രിഫിക്‌സ് ഉള്ളതായി കണ്ടെത്തി. ഇതൊരു തട്ടിപ്പാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ അവർ അപ്പോഴും ഏറെ ടെൻഷനിലായിരുന്നു. തുടർന്ന് വലിയ മാനസിക പ്രയാസവും ഉണ്ടായി'- ദിപാൻഷു പറഞ്ഞു.

'ഞാൻ വീണ്ടും ആശ്വസിപ്പിച്ചു. സഹോദരിയോട് സംസാരിച്ചെന്നും അവൾക്കൊരു കുഴപ്പവുമില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ, അമ്മയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളിൽനിന്ന് വന്നപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തെങ്കിലും ആരോ​ഗ്യസ്ഥിതി വഷളായി. പിന്നാലെ മരിക്കുകയും ചെയ്തു'- മകൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു.

'തട്ടിപ്പ് കോളിനെ തുടർന്ന് ഹൃദയാഘാതം മൂലമാണ് മാലതി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മകൾ സെക്‌സ് റാക്കറ്റിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഒരു കോൾ വന്നതും വിളിച്ചയാൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതുമാണ് മരണകാരണമെന്ന് ഭർത്താവ് പറഞ്ഞു. മാലതി ഏറെ വിഷമം അനുഭവിച്ചു. വീട്ടിലെത്തി 15 മിനിറ്റിനു ശേഷം മരിച്ചു. കോൾ വന്ന നമ്പറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്”- പൊലീസ് അറിയിച്ചു.

Tags:    
News Summary - Teacher Gets Scam Call About Daughter In Sex Racket, Dies Of Heart Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.