ഗൊരഖ്പുർ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ അധ്യാപിക ശിക്ഷിച്ചതിൽ മനംനൊന്ത് അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. സെന്‍റ് ആന്‍റണീസ് കോൺവെന്‍റ് സ്കൂൾ വിദ്യാർഥിയായ നവ്നീത് പ്രകാശ് (11) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ 15നാണ് വിദ്യാർഥി വിഷം കഴിച്ചത്. ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവ്നീത് പിന്നീട് മരിച്ചു.
അധ്യാപിക ശിക്ഷിച്ചതിൽ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുട്ടിയുടെ ബാഗിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.
"പപ്പാ, ഇന്ന് എന്‍റെ ആദ്യ പരീക്ഷയായിരുന്നു, രാവിലെ 9.15വരെ ക്ലാസ് ടീച്ചർ എന്നെ കരയിപ്പിച്ചു. മൂന്നു പീരിയഡ് എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. ഞാൻ പറയുന്നത് കേൾക്കാൻ ടീച്ചർ തയാറായില്ല. അതിനാൽ ഞാൻ ജീവിതം ഇന്ന് അവസാനിപ്പിക്കുന്നു. മറ്റാർക്കും ഇതുപോലുള്ള ശിക്ഷ നൽകരുതെന്ന് ടീച്ചറോട് പറയണം.
ഗുഡ്ബൈ, പപ്പാ, മമ്മീ, ദീദി"
അതേസമയം, സംഭവത്തിൽ അധ്യാപികക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഷാഹ്പുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി എസ്.പി വിനയ് കുമാർ സിങ് അറിയിച്ചു. അധ്യാപിക ഭാവനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നവ്നീതിന്‍റെ പിതാവ് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.