മുംബൈ: നാളത്തെ അമ്മമാർ ഇന്നുതന്നെ ദുരിതത്തിൽ. വെറുതെ പറയുകയല്ല. കണക്കിെൻറ പിൻബലമുണ്ട്. കൗമാരക്കാരികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള സർവേയിലാണ് നാളെത്ത അമ്മമാരുടെ ദുരവസ്ഥ വെളിപ്പെട്ടത്. രാജ്യത്തെ പകുതിയിലേറെ പെൺകുട്ടികൾക്ക് ഭാരക്കുറവും വിളർച്ചയുമുണ്ട്. പകുതിയോളം പേർക്ക് ആർത്തവകാല പരിചരണവും ലഭിക്കുന്നില്ല. ഇനി കണക്ക് പറയൂ എന്നാണെങ്കിൽ ഇതാ. ഭാരക്കുറവുള്ളവർ -52 ശതമാനം. വിളർച്ച ബാധിച്ചവർ -52 ശതമാനം. തുറസ്സായ സ്ഥലത്ത് മലവിസർജനം നടത്തുന്നവർ -39 ശതമാനം. ആർത്തവകാല ശുചിത്വം പാലിക്കാൻ ഗതിയില്ലാത്തവർ -46 ശതമാനം.
ഇന്ത്യയുടെ തിളക്കവും പ്രതിമയുടെ മഹത്ത്വവും കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുന്നവർക്ക് ഇടയിലേക്കാണ് രാജ്യത്തെ കൗമാരക്കാരികളുടെ ദുരിതാവസ്ഥയുടെ ഇൗ കണക്ക് വന്നുവീഴുന്നത്. കൗമാരക്കാരികൾക്കിടയിൽ പ്രവർത്തിക്കുന്ന നാന്ദി ഫൗണ്ടേഷെൻറ സർവേയിലാണ് ഇൗ കണ്ടെത്തലുകളുള്ളത്. ടീൻ ഏജ് ഗേൾസ് റിപ്പോർട്ടിെൻറ സർവേയുടെ ആദ്യഘട്ടത്തിലെ കണ്ടെത്തലാണിത്.
ഇനി ഇൗ പെൺകുട്ടികൾ ചില്ലറക്കാരാണോ. രാഷ്ട്രീയക്കാരെങ്കിലും പറയും അല്ലേ അല്ല എന്ന്. കാരണം, 2019ലെ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാൻ യോഗമൊക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്ന 6.32 കോടി പെൺകുട്ടികൾ. അവരുടെ ഭാവിയിലെ ആശങ്കയാണ് സർവേയിൽ തെളിഞ്ഞുനിൽക്കുന്നത്. ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ അടുത്ത തലമുറകളുടെയും അനാരോഗ്യത്തിെൻറ ഹേതുവാണെന്ന് ആർക്കാണ് അറിയാത്തത്. 28 സംസ്ഥാനങ്ങളിലെയും ഏഴ് നഗരങ്ങളിലെയും 74,000 പെൺകുട്ടികളാണ് സർവേയിൽ സഹകരിച്ചത്.
ആരോഗ്യത്തിലൊതുങ്ങുന്നതല്ല സർവേ. വിദ്യാഭ്യാസം, ഉപജീവനത്തിനുള്ള കഴിവുകൾ, ശാക്തീകരണം, വീടിന് അകത്തും പുറത്തുമുള്ള അവസ്ഥകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരെയാണ് സർവേക്കായി നിയോഗിച്ചത്. ഉയരവും തൂക്കവുമെല്ലാം അളന്ന ശേഷമാണ് സർവേയിലെ ചോദ്യങ്ങളുമായി അവരോട് ഇടപഴകിയത്.
കണക്ക് പറയുകയല്ല; എന്നാൽ, ചില കണക്ക് അറിയാതെ പോകരുത്. വിളർച്ച ബാധിച്ചവർ 52 ശതമാനം എന്നു കേൾക്കുേമ്പാൾ ഒാഹോ എന്ന് നടിച്ച് പോകുന്നവർ കേൾക്കാനാണ് ഇൗ കണക്ക് പറച്ചിൽ. രക്തത്തിൽ അരുണരക്താണുക്കളുടെ കുറവാണേല്ലാ വിളർച്ച എന്ന് പറയുന്നത്. അതുകൊണ്ട് രക്തത്തിലെ ഒാക്സിജൻ ആഗിരണശേഷി ഗണ്യമായി കുറയുന്നു. അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളിൽ മരണംവരെയുണ്ട്.
ഇതുകൊണ്ടുണ്ടാകുന്ന ഉൽപാദനക്ഷമതക്കുറവും ദോഷങ്ങളും വരുത്തുന്ന നഷ്ടം രൂപയിലേക്ക് മാറ്റിനോക്കിയാലോ. 1.5 ലക്ഷം കോടിയാണത്. അതായത്, ഇന്ത്യയിലെ ആരോഗ്യബജറ്റിെൻറ മൂന്നിരട്ടി. വിളർച്ചക്കണക്ക് കണ്ട് വിളറാത്തവർ ചുരുങ്ങുമെന്ന് ഉറപ്പല്ലേ. വിളർച്ചക്കാരായ പെൺകുട്ടികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതെന്നറിയാൻ കൗതുകം തോന്നാം. അത് ത്രിപുരയാണ്. 64.5 ശതമാനവും വിളർച്ചക്കാരാണ് അവിടെ. തൊട്ടുപിന്നിൽ പഞ്ചാബും ഗുജറാത്തുമാണ്. ചോരയും നീരുമുള്ള പെൺകുട്ടികൾ കൂടുതലുള്ളത് മണിപ്പൂരിലാണ്.
തൂക്കക്കുറവുള്ള പെൺകുട്ടികൾ ഏറെയുള്ളത് ബിഹാറിലാണ്. തൊട്ടുപിന്നിൽ മധ്യപ്രദേശും തെലങ്കാനയും ഝാർഖണ്ഡുമാണ്. തൂക്കത്തിെൻറ കാര്യത്തിൽ മണിപ്പൂരിലെ പെൺകുട്ടികൾതന്നെയാണ് ഒരുപാട് പണത്തൂക്കം മുന്നിലുള്ളത്. തുറന്ന സ്ഥലത്ത് മലമൂത്രവിസർജനം നടത്തേണ്ട കൗമാരക്കാരികളുടെ ഗതികേട് ആലോചിച്ചുനോക്കൂ. ആ ഗതികേടിൽനിന്ന് ഏറ്റവുമധികം കരകയറിയത് കേരളത്തിലെ പെൺകുട്ടികളാണ്.
കേരളത്തിലെ 99 ശതമാനം പേർക്കും മലമൂത്രവിസർജന സൗകര്യമുണ്ട്. ഏറ്റവും ദുരിതം േപറുന്നത് ഝാർഖണ്ഡുകാരാണ്. ബിഹാറും ഗുജറാത്തും ഒഡിഷയുമെല്ലാം ദുരിതപ്പട്ടികയിൽ പിന്നാലെയുണ്ട്. ആർത്തവകാല ശുചിത്വം ഉറപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമതുള്ളത് തമിഴ്നാടാണ്. 97.1 ശതമാനം പേരും സാനിറ്ററി നാപ്കിൻ അടക്കമുള്ള ശുചിത്വരീതികൾ പിന്തുടരുന്നുണ്ട്. ഇക്കാര്യത്തിന് വില കൽപിക്കാത്തവരുടെ പട്ടികയിൽ മുന്നിലുള്ളത് ഉത്തർപ്രദേശാണ്. ബിഹാറും ഗുജറാത്തും മധ്യപ്രദേശുമൊക്കെ തൊട്ടുപിന്നാലെയുണ്ട്. സർവേയിൽ പുറത്തുപറയാത്ത ഒരു കൗതുകമുണ്ട്. ഒട്ടുമിക്കതിലും പിൻപന്തിയിലുള്ള സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഇടംനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.