കരീംനഗർ: കോവിഡ് ചട്ട ലംഘനത്തിന് തെലങ്കാന ബി.ജെ.പി അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലികൾക്ക് മേഖല തിരിച്ചുള്ള സമ്പ്രദായം ഏർപെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായിരുന്നു പ്രതിഷേധം. കരീം നഗറിലെ ഓഫീസിൽ ഞായറാഴ്ച രാത്രി ഒമ്പത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായിരുന്നു ബണ്ഡി സഞ്ജയ് കുമാർ പദ്ധതിയിട്ടിരുന്നത്.
ജീവനക്കാരുടെ ട്രാൻസ്ഫറിനെ സർക്കാർ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ സ്ഥലം എം.പി കൂടിയായ കുമാറിനെയും പാർട്ടി പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതിഷേധത്തിനും പാർട്ടി പ്രവർത്തകരുടെ കൂടിച്ചേരലിനും ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കോവിഡ് ചട്ടലംഘനമാണെന്നാണ് പൊലീസ് വിശദീകരണം.
കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സമാധാനപരമായിട്ടായിരുന്നു പ്രതിഷേധം നടത്താനിരുന്നതെന്നും എന്തുകൊണ്ടാണ് ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ പരിപാടികളിൽ കോവിഡ് ചട്ടം പാലിക്കാത്തതെന്നും ബി.ജെ.പി ചോദിക്കുന്നു.
സഞ്ജയ് കുമാർ ബണ്ഡിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ രംഗത്തെത്തി. കുമാറിനെ പൊലീസ് കൈയ്യേറ്റം ചെയ്യുന്ന വിഡിയോ മാളവ്യ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.