ഹൈദരാബാദ്: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിെര ഭീഷണി മുഴക്കിയതിന് നാഗർകുർണൂൽ ബി.ആർ.എസ് എം.എൽ.എ മാരി ജനാർദൻ റെഡ്ഡിക്കെതിരെ കോൺഗ്രസിന്റെ പരാതി. ‘എനിക്കും ബി.ആർ.എസ് പാർട്ടിക്കും എതിരെ സംസാരിച്ചാൽ കോൺഗ്രസുകാരെ വെടിവെച്ച് കൊല്ലും. വേണ്ടിവന്നാൽ അവരുടെ കൈകൾ വെട്ടിമാറ്റും. എന്റെ അനുയായികളോട് പറഞ്ഞാൽ ഒരു കോൺഗ്രസുകാരനും ഈ പ്രദേശത്തേക്ക് വരാൻ കഴിയില്ല’ എന്നിങ്ങനെ മാരി ജനാർദൻ റെഡ്ഡി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
നാഗർകുർണൂൽ ജില്ലയിലെ തെൽകപള്ളിയിലെ ബൊപ്പാലിയിൽ ഓഗസ്റ്റ് 27 ന് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഭീഷണി. പ്രസംഗത്തിന്റെ വിഡിയോ ലിങ്കും കോൺഗ്രസ് തെളിവായി സമർപ്പിച്ചു.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സ്വന്തം പാർട്ടിയിെൽ അണികളെ വരെ നേരിടാൻ ബി.ആർ.എസ് നേതാക്കൾ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. സംസ്ഥാന മന്ത്രി ജി ജഗദീഷ് റെഡ്ഡിക്കെതിരെ സൂര്യാപേട്ടയിലെ ബിആർഎസ് കൗൺസിലർ രേണുക മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയാണ് ഇവർ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ചോദിച്ചതിന് സൂര്യപേട്ട ജില്ലാ മാർക്കറ്റിങ് സൊസൈറ്റി ചെയർമാനായ തന്റെ ഭർത്താവ് വട്ടേ ജനയ്യ യാദവിനെ മന്ത്രി പീഡിപ്പിക്കുന്നതായി രേണുക പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ബിആർഎസ് പാർട്ടിയിൽ പ്രവർത്തിക്കുന്ന തന്നോടും ഭർത്താവിനോടും മന്ത്രി ജഗദീഷ് റെഡ്ഡി പ്രതികാരബുദ്ധിയോടെ പെരുമാറുന്നുെ്വന്നാണ് രേണുകയുടെ പരാതി. ജഗദീഷ് റെഡ്ഡിയുടെ അനുയായിയായ തന്റെ ഭർത്താവ് സീറ്റ് ചോദിച്ചതുകൊണ്ടാണ് മന്ത്രി ഇങ്ങനെ പെരുമാറുന്നതെന്നും ഒറ്റ ദിവസം കൊണ്ട് 71 കേസുകളാണ് പൊലീസിൽ തങ്ങൾക്കെതിരെ ഫയൽ ചെയ്തതെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.