‘സമാന്തയെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ഉദ്ദേശ്യമില്ല’; വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി കൊണ്ട സുരേഖ

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനു കാരണം ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു ആണെന്ന പരാമർശത്തിൽ മാപ്പു പറഞ്ഞ് തെലങ്കാന മന്ത്രി കൊണ്ട സുരേഖ. താൻ ആരുടെയും വികാരത്തെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന കെ.ടി.ആറിന്‍റെ സമീപനത്തെ വിമർശിക്കുകയാണ് ചെയ്തതെന്നും അവർ എക്സിൽ കുറിച്ചു.

സമാന്തയെയോ കുടുംബത്തെയോ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സുരേഖ വ്യക്തമാക്കി. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ആർ വക്കീൽ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സുരേഖയുടെ പ്രതികരണം. അപവാദ പ്രചരണത്തിന് മന്ത്രി ഗൂഢാലോചന നടത്തിയെന്നും പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കെ.ടി.ആറിനെതിരെ സുരേഖ ഗുരുതര ആരോപണം നടത്തിയത്. തെലങ്കാനയിലെ വനിതാ നേതാക്കളെ ബി.ആർ.എസ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം കെ.ടി. രാമറാവുവാണ്. കെ.ടി.ആർ കാരണം നിരവധി അഭിനേത്രികൾ സിനിമ ഉപേക്ഷിച്ച് നേരത്തേ വിവാഹിതരായിട്ടുണ്ട്. രാമറാവു താരങ്ങളെ ലഹരിമരുന്നിന് അടിമകളാക്കും പിന്നീട് അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുമെന്നും സുരേഖ പറഞ്ഞു.

പരാമർശം വിവാദമായതോടെ അപലപിച്ച് നാഗചൈതന്യയുടെ പിതാവ് നാഗാർജുന രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കുന്നതിനായി സിനിമാതാരങ്ങളുടെ പേര് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിക്കണമെന്നും പറഞ്ഞു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിപ്പിക്കണമെന്നും സമാന്ത ആവശ്യപ്പെട്ടു. വിവാഹമോചനം പരസ്പരധാരണയാലാണ് സംഭവിച്ചതെന്നും അതിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അവർ വ്യക്തമാക്കി. 

Tags:    
News Summary - Telangana minister apologises for Samantha-Naga Chaitanya divorce link-up to KTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.