തെലങ്കാന ഫോൺ ചോർത്തൽ കേസ്; ഹൈകോടതി സ്വമേധയാ കേസെടുത്തു

ഹൈദരാബാദ്: ഫോൺ ചോർത്തൽ സംബന്ധിച്ച ഹരജിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര ആഭ്യന്തര സെക്രട്ടറിമാർ, സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി, ഇന്‍റലിജൻസ് മേധാവി, ഹൈദരാബാദ് പൊലീസ് കമ്മിഷണർ എന്നിവർക്ക് തെലങ്കാന ഹൈകോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു. ബി.ആർ.എസ് സർക്കാർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും ഹൈകോടതി ജഡ്ജിമാരുടെയും ഫോണുകൾ ചോർത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്. മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കാജ ശരത്തിന്‍റ മൊബൈൽ ഫോൺ അനധികൃതമായി ചോർത്തിയതായി സ്‌പെഷ്യൽ ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എൻ ഭുജംഗ റാവുവിന്‍റെ കുറ്റസമ്മതം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിനോദ് കുമാറും അടങ്ങുന്ന പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്. ഇതേ തുടർന്ന് മുൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാധാ കിഷൻ റാവുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവിനെ അറസ്റ്റ് ചെയ്യാൻ ബി.ആർ.എസ് തലവനും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ഗൂഢാലോചന നടത്തിയെന്നും രാധാ കിഷൻ റാവു മൊഴി നൽകി. വിഷയം കോടതി ഗൗരവമായി കാണണമെന്ന് മുതിർന്ന അഭിഭാഷകൻ ശഠിച്ചതോടെയാണ് ബെഞ്ച് സ്വമേധയാ കേസെടുത്തത്. 'ഇത് വളരെ ആശങ്കാജനകമാണ്. കേവലം ഫോൺ ചോർത്തലിന്‍റെ കാര്യം മാത്രം കാര്യമല്ല, ദേശീയ സുരക്ഷയുടെ പ്രശ്നമാണ്. സ്വകാര്യതയ്ക്കുള്ള അവകാശമാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്'. ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭുജംഗ റാവുവിൻ്റെ കുറ്റസമ്മത മൊഴിയിൽ ജഡ്ജിമാർ, പ്രതിപക്ഷ നേതാക്കൾ, വ്യവസായികൾ തുടങ്ങിയവരുടെ സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ചും വിശദമായ വിവരണം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എല്ലാ ഗൗരവത്തോടെയും വിഷയം അന്വേഷിക്കുന്നുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഇമ്രാൻ ഖാൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഗാഡി പ്രവീൺ കുമാർ നോട്ടീസ് സ്വീകരിക്കുകയും അടുത്ത വാദം കേൾക്കുന്ന തിയതിക്ക് മുമ്പ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം ലഭിക്കുമെന്ന് കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു. കേസ് ജൂലൈ മൂന്നിലേക്ക് മാറ്റി.

Tags:    
News Summary - Telangana phone tappinng case; The High Court took up the case on its own initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.