ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്). 119 മണ്ഡലങ്ങളുള്ള തെലുങ്കാനയിൽ 115 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാനാർഥികളിൽ ഭൂരിഭാഗം സിറ്റിംഗ് എം.എൽ.എമാരും പട്ടികയിലുണ്ട്. ഏഴു പേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. നർസാപൂർ, നാമ്പള്ളി, ഗോഷാമഹൽ, ജങ്കാവ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
2018ലും ബി.ആർ.എസ് വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സ്വന്തം മണ്ഡലമായ ഗജ്‌വെലിന് പുറമെ കാമറെഡ്ഡി നിയമസഭാ മണ്ഡലത്തിലും ചന്ദ്രശേഖർ റാവു മത്സരിക്കും. തന്റെ ഇരട്ട സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമാണെന്ന് റാവു അറിയിച്ചു. ഈ വർഷം അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 95 മുതൽ 105 വരെ സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒക്‌ടോബർ 16ന് വാറങ്കലിൽ നടക്കുന്ന പൊതുയോഗത്തിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.