ഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്സിറ്റി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന നൽകി തെലങ്കാന ഡി.ജി.പി രവി ഗുപ്ത. രോഹിത് വെമുലയുടെ കേസിലെ അന്തിമ റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ട്. കേസിൽ കോടതിയോട് ഇടപ്പെടാൻ അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഹിത് വെമുലയുടെ മാതാവിനേയും സഹോദരനേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിക്കായി പൊരുതിയ അധ്യാപകരും വിദ്യാർഥികളും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രോഹിത് വെമുല കേസിൽ തെലങ്കാന പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി.
രോഹിത് വെമുലയുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്ക് മജിസ്ട്രേറ്റിനോട് അനുമതി തേടുമെന്നും തെലങ്കാന ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ടുഡേ ടി.വിയോട് പ്രതികരിക്കുമ്പോഴാണ് തെലങ്കാന ഡി.ജി.പിയുടെ പരാമർശം. റിപ്പോർട്ടിൽ ചില സംശയങ്ങളുണ്ട്. അത് കോടതിയോട് പരിശോധിക്കാൻ അഭ്യർഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എന്തെങ്കിലും വിവരങ്ങൾ ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ അത് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധപൂർ അസിസ്റ്റന്റ് കമീഷണറാണ് കേസിൽ അന്വേഷണം നടത്തിയത്. നവംബറിന് മുമ്പ് തന്നെ അന്തിമ റിപ്പോർട്ട് തയാറാക്കിയിരുന്നു. മാർച്ച് 21ന് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുവെന്നും ഡി.ജി.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
തെലങ്കാന പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ രോഹിത് വെമുല ദലിതനല്ലെന്നും യഥാർഥ ജാതി പുറത്ത് വരുമെന്ന ഭയത്താലാണ് 2016ൽ ആത്മഹത്യ ചെയ്തതെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ജില്ല കലക്ടർ തങ്ങളുടെ കുടുംബത്തെ എസ്.സി വിഭാഗത്തിൽ പെടുത്തിയിട്ടുണ്ടെന്നാണ് രോഹിത്തിന്റെ സഹോദരൻ രാജ വെമുലയുടെ വാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്നും രാജ വെമുല അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.