കഴിഞ്ഞ ശനിയാഴ്ചയാണ് ടെലഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് പാരീസിൽ അറസ്റ്റിലാകുന്നത്. ടെലഗ്രാമിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. തുടർന്ന് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാൻസ് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തി. ഇതോടെ വിവിധ രാജ്യങ്ങളിൽ ടെലഗ്രാം നിരോധിക്കുമെന്ന വാർത്തകളും സജീവമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ ടെലഗ്രാം നിരോധനം ഏർപ്പെടുത്തുമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമായി.
എന്നാൽ, നിലവിൽ കേന്ദ്രസർക്കാർ ടെലഗ്രാമിന് നിരോധനമേർപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ടെലഗ്രാമിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പണം തട്ടൽ, ചൂതാട്ടം ഉൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു നിർദേശം.
കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന വാർത്ത റിപ്പോർട്ട് ചെയ്ത് നിരോധനത്തിന് സാധ്യതയുണ്ടെന്ന് ‘മണികൺട്രോൾ’ പ്രവചിച്ചിരുന്നു. റിപ്പോർട്ട് പ്രതികൂലമായാൽ മാത്രമേ കേന്ദ്രസർക്കാർ നിരോധനം പരിഗണിക്കുവെന്നും മണികൺട്രോൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാം ഉടൻ നിരോധിക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമായത്.
അതേസമയം, ടെലഗ്രാം നിരോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന രീതിയിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. മോദിയുടേതെന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.