ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ മേലെ ഗൂഡല്ലൂർ സെൻറ് മേരീസ് ചർച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ ഭാഗത്ത് താൽക്കാലിക പാത ഒരുക്കി. 14 മണിക്കൂർ ഗതാഗതം മുടങ്ങിയ ശേഷം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെറു വാഹനങ്ങൾക്കും 10.45ഓടെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾക്കും പോകാവുന്ന രീതിയിൽ ഗതാഗതം പുന:സ്ഥാപിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പുതിയപാലം നിർമിക്കുന്നതിന് സമീപത്ത് പഴയ പാലം ഒരു ഭാഗം തകർന്നത്. തുടർന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പാലം ഭീഷണിയായതുമൂലമാണ് വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കാതിരുന്നത്.
ഗൂഡല്ലൂർ ആർ.ഡി.ഒ മുഹമ്മദ് ഖുദറത്തുളളയുടെ അഭ്യർഥനപ്രകാരം ജില്ല കലക്ടർ കല്ലട്ടി ചുരം വഴി മൈസൂരു ഗൂഡല്ലൂർ ഭാഗത്തേക്ക് ചെറുവാഹനങ്ങളുടെ പോക്കുവരവിന് അനുവദിച്ചു. ഇതോടെയാണ് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഗതാഗതകുരുക്കിൽ അകപ്പെട്ട യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമായത്. എന്നാൽ, ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ കുടുങ്ങിക്കിടന്നു.
സ്റ്റേറ്റ് ഹൈവേ ഡിവിഷനൽ എഞ്ചിനീയർ കുളന്തെവേലു, നാഷണൽ ഹൈവേ ഡി.ഇ ശെൽവം എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലിക പാതയ്ക്കുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. പാലത്തിന് സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ലൈനുകളും വൈദ്യുതി വകുപ്പ് ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുത്ത് മാറ്റി സ്ഥാപിച്ചതും താൽക്കാലിക പാത ഒരുക്കാൻ എളുപ്പമായതായി ആർ.ഡി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.