ന്യൂഡൽഹി: തീവ്രവാദ ഭീഷണിയേക്കാൾ ഗുരുതര പ്രശ്നമാണ് തീവ്രവാദ ഫണ്ടിങ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ ഒരു മതവുമായോ സംഘവുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
തീവ്രവാദികൾ അക്രമങ്ങളുണ്ടാക്കാൻ എപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുക, സാമ്പത്തിക ഉറവിടങ്ങൾ ഉയർത്തിക്കൊണ്ടുവരിക, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും തങ്ങളുടെ വ്യക്തിത്വം മറക്കാനുമായി ഡാർക്ക്നെറ്റ് ഉപയോഗിക്കുക തുടങ്ങിയ വഴികളാണ് തീവ്രവാദികൾ പരീക്ഷിക്കുന്നത്.
ആഗോള സമാധാനത്തിനും സുരക്ഷക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദം. എന്നാൽ തീവ്രവാദ ഫണ്ടിങ്ങാണ് അതിലും ഗുരുതരമായ പ്രശ്നമെന്ന് ഞാൻ കരുതുന്നു. കാരണം തീവ്രവാദത്തിന്റെ ആശയങ്ങളും രീതികളും ഇത്തരം ഫണ്ടിങ്ങിലൂടെ പോഷിപ്പിക്കപ്പെടുന്നു. തീവ്രവാദ ഫണ്ടിങ് രാജ്യത്തെ സാമ്പത്തിക നില തകർക്കും. നാം തിരിച്ചറിയേണ്ട മറ്റൊരു കാര്യം, ഏതെങ്കിലും മതമോ രാജ്യമോ സംഘമോ ആയി തീവ്രവാദ ഭീഷണിയെ ബന്ധിപ്പിക്കാനാകില്ല. ബന്ധിപ്പിക്കുകയുമരുത്. തീവ്രവാദത്തെ ചെറുക്കാൻ സുരക്ഷാ രീതികളും നിയമഘടനയും സാമ്പത്തിക രംഗവും മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് അഭയം നൽകുന്നത് നാം കാണുന്നുണ്ട്. തീവ്രവാദികളെ സംരക്ഷിക്കുക എന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഇത്തരം കാര്യങ്ങൾ അവർ കരുതുന്നതു പോലെ വിജയിക്കാതിരിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.