ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാഹുൽ ഗാന്ധി പുറത്ത് വിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ 2019 തെരഞ്ഞെടുപ്പിലെ പരാജയത്തിന് താൻ ഉത്തരവാദിയാണെന്ന് അദ്ദേഹം കുറിച്ചു.
കോൺഗ്രസ് പാർട്ടിയെ സേവിക്കുന്നത് എനിക്ക് അംഗീകാരമാണ്. രാജ്യത്തോടും എൻെറ പാർട്ടിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു -രാഹുൽ വ്യക്തമാക്കി. പുതിയ പ്രസിഡൻറിനെ കാലതാമസമില്ലാതെ കോൺഗ്രസ് തെരഞ്ഞെടുക്കണമെന്നും നേരത്തെ തന്നെ രാജിവച്ചതിനാൽ ഈ പ്രക്രിയയുടെ ഭാഗമല്ലെന്നും അദ്ദേഹം നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാർട്ടിയുടെ ഉന്നതാധികാര സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. താൻ ഈ പ്രക്രിയയിൽ ഉണ്ടാകില്ലെന്നും ഇത് കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്നാണ് രാഹുൽ പറയുന്നത്. പാർട്ടിയിൽ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ വൻ വിജയത്തിൻെറ പശ്ചാത്തലത്തിൽ കഴിഞ്ഞ മെയ് 25 നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് കത്ത് കൈമാറിയത്. 543 അംഗ ലോക്സഭയിൽ 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പാക്കാൻ കോൺഗ്രസിൻറെ മുതിർന്ന നേതാക്കളടക്കം സമ്മർദം ചെലുത്തിയിട്ടും ഫലം കണ്ടില്ല.
It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation.
— Rahul Gandhi (@RahulGandhi) July 3, 2019
I owe the country and my organisation a debt of tremendous gratitude and love.
Jai Hind
പാർട്ടിയെക്കാൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകി കോൺഗ്രസിൻെറ പ്രചാരണത്തെ മുതിർന്ന നേതാക്കൾ ദുർബലപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഉടൻ യോഗം ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
2007ല്‍ യൂത്ത് കോൺഗ്രസിന്‍റെയും എൻ.എസ്.യുവിന്‍റെയും ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 2013ൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തെത്തി. സോണിയ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതിനെ തുടർന്ന് 2017 ഡിസംബറിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തത്.
2004, 2009, 2014 വർക്ഷങ്ങളിൽ അമേത്തിയിൽ നിന്ന് ലോക്‌സഭയിലെത്തി. 2019ൽ അമേത്തി, വയനാട് സീറ്റുകളിൽ മൽസരിച്ചെങ്കിലും അമേത്തിയിൽ പരാജയപ്പെട്ടു. എന്നാൽ, വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.