ന്യൂഡൽഹി: ഇര പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാരനായത് കൊണ്ടുമാത്രം 1989ലെ എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരനായ കാരണത്താൽ കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ടെങ്കിൽ മാത്രമേ ആ വകുപ്പ് ചുമത്താനാകൂ എന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനെ അവഹേളിച്ച കേസിൽ ഓൺലൈൻ മാധ്യമമായ ‘മറുനാടൻ മലയാളി’യുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈകോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ശ്രീനിജിന് ഷാജൻ സ്കറിയക്കതിരെ മാനനഷ്ടക്കേസിന് പോകാമെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ഷാജൻ സ്കറിയയുടെ വിഡിയോ പി.വി. ശ്രീനിജിൻ എം.എൽ.എയെ നിന്ദിക്കാനും അവഹേളിക്കാനുമുള്ളതാണെന്ന് വ്യക്തമാകുന്നുവെന്ന ഹൈകോടതി ഉത്തരവിലെ പരാമർശം ശരിയായിരിക്കാമെങ്കിലും അദ്ദേഹം പട്ടിക ജാതിക്കാരനായത് കൊണ്ടാണോ ആ നിന്ദയും അവഹേളനവും ഷാജൻ സ്കറിയ നടത്തിയതെന്ന് പരിശോധിക്കുന്നതിൽ ഹൈകോടതി പരാജയപ്പെട്ടുവെന്ന് ബെഞ്ച് വിധിച്ചു. ശ്രീനിജിൻ പട്ടികജാതിക്കാരനല്ലായിരുന്നുവെങ്കിൽ ഷാജൻ സ്കറിയ ഈ ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നോ എന്നാണ് ചോദ്യമെന്നും ആ ചോദ്യത്തിൽതന്നെ അതിനുത്തരമുണ്ടെന്നും സുപ്രീംകോടതി തുടർന്നു. ഇര പട്ടികജാതിക്കാരനാണെന്നത് കൊണ്ടുമാത്രം 1989ലെ എസ്.സി, എസ്.ടി പീഡന നിരോധന നിയമം പ്രയോഗിക്കാനാവില്ല. ആ നിയമത്തിന്റെ 3(1)(ആർ) വകുപ്പിൽ കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പറയുന്നുണ്ട്. അത് പ്രകാരം ഒരാൾ എസ്.സി, എസ്.ടി വിഭാഗക്കാരനാണെന്ന കാരണത്താൽ മാത്രം ചെയ്തതായിരിക്കണം കുറ്റകൃത്യം. എന്നാൽ, ഷാജൻ സ്കറിയ നടത്തിയ ആരോപണങ്ങളും പ്രസ്താവനകളും ശ്രീനിജിൻ പട്ടിക ജാതിക്കാനായത് കൊണ്ട് ചെയ്തതാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയുമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
പ്രഥമ ദൃഷ്ട്യാ എസ്.സി/ എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് ബോധ്യമായില്ലെങ്കിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാൻ കോടതിക്ക് അധികാരമുണ്ടെന്നും ആ അധികാരമുപയോഗിച്ചാണ് ഷാജൻ സ്കറിയക്ക് ജാമ്യം അനുവദിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പി.വി. ശ്രീനിജിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പൊലീസ് അറസ്റ്റ് ചെയ്താൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജൻ സ്കറിയക്ക് ജാമ്യം നൽകണം. ജാമ്യവ്യവസ്ഥ പൊലീസ് ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
വാക്കാലോ എഴുത്താലോ എസ്.സി/എസ്.ടി വിഭാഗക്കാർക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന ഒന്നും പറയാത്തതിനാൽ ആ നിയമപ്രകാരം കുറ്റകൃത്യം ചെയ്തെന്ന് പറയാനാവില്ലെന്നും എസ്.സി, എസ്.ടി വിഭാഗക്കാരനായ കാരണത്താൽ അയാളെ നിന്ദിക്കണമെന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഈ വകുപ്പ് പ്രയോഗിക്കാനാകൂ എന്നുമുള്ള ഷാജന്റെ അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്റയുടെ വാദം അംഗീകരിച്ചാണ് ബെഞ്ചിന്റെ വിധി. സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശും ശ്രീനിജിന് വേണ്ടി അഡ്വ. ഹാരിസ് ബീരാനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.