ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെ നിലംപരിശാക്കി ബി.ജെ.പി ഉജ്വല വിജയം നേടിയതിനു പിന്നാലെ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. മുഖ്യമന്ത്രി സ്ഥാനാർഥിയെ ബി.ജെ.പി ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആ പോസ്റ്റിലേക്ക് ഏഴ് പ്രമുഖരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
രാജസ്ഥാനിൽ ബി.ജെ.പി നേടിയ കരുത്തുറ്റ രണ്ട് വിജയങ്ങൾക്ക് പിന്നിലും വസുന്ധര രാജെ സിന്ധ്യയുടെ കൈകളുണ്ട്. ബി.ജെ.പി സ്ഥാപക നേതാവ് വിജയരാജെ സന്ധ്യയുടെ മകളും അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ സഹോദരിയുമാണ് 70കാരിയായ വസുന്ധര. 1984ലാണ് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായി വസുന്ധര രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നാലെ ധോൽപൂരിൽ നിന്ന് അവർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയരംഗത്തെ വളർച്ചയുടെ തുടക്കമായിരുന്നു അത്. 2003ൽ അവർ രാജസ്ഥാനിലെ ആദ്യ വനിത മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട വസുന്ധര, അഞ്ചുതവണ ലോക്സഭ എം.പിയായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ തിളങ്ങുന്ന മുഖമായിരുന്നു ഗജേന്ദ്ര സിങ് ശെഖാവത്. സഞ്ജീവനി ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം പരസ്യമായി തർക്കത്തിലേർപ്പെട്ടിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ശെഖാവത്ത് അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനെ പരാജയപ്പെടുത്തി. മന്ത്രിമന്ത്രി പദത്തിലേക്ക് സാധ്യതയുള്ള ബി.ജെ.പിയുടെ ആദ്യ മൂന്ന് പേരിൽ ശെഖാവത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്. വസുന്ധരയും ബാബാ ബാലക്നാഥുമാണ് മറ്റ് രണ്ടുപേർ.
ജയ്പൂർ രാജകുടുംബാംഗമാണ് ദിയ രാജകുമാരി. 2013ൽ ബി.ജെ.പിയിൽ ചേർന്ന ദിയ മൂന്നു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചര ലക്ഷം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് അവർ വിജയിച്ചത്. രാജകുടുംബാംഗമാണെങ്കിലും ജനങ്ങളോട് അടുത്തിടപഴകുന്ന നേതാവെന്നാണ് ദിയയെ വിലയിരുത്തുന്നത്. മധോപൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആ മണ്ഡലത്തിനു പുറത്തുള്ള ആൾ എന്ന നിലയിൽ ദിയക്ക് ആരും സാധ്യത കൽപിച്ചിരുന്നില്ല. എന്നാൽ എം.എൽ.എ എന്ന നിലയിൽ ശക്തമായ പ്രകടനമാണ് അവർ കാഴ്ചവെച്ചത്.
രാജസ്ഥാനിലെ യോഗി ആദിത്യനാഥ് ആയാണ് ബാബ ബാലക്നാഥിനെ വിശേഷിപ്പിക്കുന്നത്. ആത്മീയ നേതാവും അൽവാറിൽ നിന്നുള്ള എം.പിയുമാണിദ്ദേഹം. ശക്തനായ ഹിന്ദുത്വനേതാവായ ഇദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് ബി.ജെ.പിയുടെ പരിഗണനയിലുള്ളവരിൽ പ്രധാനിയാണ്. രാജസ്ഥാനിലെ ജാതിസമവാക്യത്തെ സ്വാധീനിക്കാൻ കെൽപുള്ള നേതാവ് എന്നാണ് പറയപ്പെടുന്നത്. 40 വയസുള്ള ബാബാ ബാലക്നാഥ് തിജാറ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്.
പച്ചയും ഓറഞ്ചും കലർന്ന തലപ്പാവണിഞ്ഞുമാത്രമേ അർജുൻ റാം മേഘ്‍വാളിനെ കാണാൻ സാധിക്കൂ. കണ്ടുമുട്ടുന്ന എല്ലാവരോടുമുള്ള മാന്യതയാർന്ന പെരുമാറ്റംകൊണ്ട് ശ്രദ്ധേയനാണിദ്ദേഹം. ശക്തമായ ഭരണ പശ്ചാത്തലമുള്ള അദ്ദേഹം നിലവിൽ നിയമ മന്ത്രാലയം കൈകാര്യം ചെയ്യുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും ഗവൺമെന്റിന്റെ നില നിയന്ത്രിക്കുന്നതിലും സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ഓരോ ബില്ലിനും പിന്തുണക്കാരെ ശേഖരിക്കുന്നതിലും അത് ഒരു നിയമമാക്കി മാറ്റുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
മീണ സമുദായത്തെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാവ് കിരോഡി ലാൽ മീണയെ ബി.ജെ.പിയെ രാജസ്ഥാനിലേക്ക് കൊണ്ടുവന്നത്. ഡോക്ടർ സാഹബ് എന്നും ബാബ എന്നും അറിയപ്പെടുന്ന, രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുൻനിര മത്സരാർഥികളിൽ 72കാരനായ മീണയും ഉൾപ്പെടുന്നു.
ഇക്കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പി ഇദ്ദേഹത്തിന് സംസ്ഥാനഘടകത്തിന്റെ ചുമതല നൽകിയത്.അതിനുശേഷം എതിരാളികളെ ഏകോപിപ്പിച്ച് കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ 48കാരൻ ശ്രദ്ധപതിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.