ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാറിനെ നോക്കുകുത്തിയാക്കി ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ഭരണത്തിൽ ഇടപെട്ട കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഡൽഹി അധികാരത്തർക്കം സംബന്ധിച്ച കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി.
ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതുമുതൽ ആരംഭിച്ചതാണ് ഡൽഹിയിലെ അധികാരത്തർക്കം. ഒരുവശത്ത് മുഖ്യമന്ത്രി കെജ്രിവാളും മറുവശത്ത് മാറിവന്ന ലെഫ്. ഗവർണർമാരും തമ്മിൽ ഏറ്റുമുട്ടുന്ന വാർത്തകൾ പല വർഷങ്ങളായി ഡൽഹിയിൽ പതിവു വാർത്തയാണ്. ഉദ്യോഗസ്ഥ നിയമനം അടക്കം കേന്ദ്ര നോമിനിയായ ലെഫ്. ഗവർണർ കൈയടക്കിവെച്ചതോടെ സർക്കാറിന്റെ ജനപ്രിയ പദ്ധതികളടക്കം പലതും നടപ്പാക്കാൻ സാധിച്ചില്ല. സർക്കാർ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതും സർക്കാറിന് റിപ്പോർട്ട് നൽകുന്നതിന് പകരം ലെഫ്. ഗവർണർക്ക് നൽകുന്നതും ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ രമേശ് നേഗിയെ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന കെജ്രിവാൾ സർക്കാറിന്റെ ആദ്യ ശുപാർശതന്നെ ലെഫ്. ഗവർണർ തള്ളുകയാണുണ്ടായത്. പകരം സഞ്ജീവ് നന്ദൻ സഹായിയെ ആക്ടിങ് ചീഫ് സെക്രട്ടറിയായി നിയമിച്ചു. തൊട്ടുപിറകെ, അഴിമതിവിരുദ്ധ വിഭാഗത്തിന്റെ തലവനായി സംസ്ഥാന സർക്കാർ എസ്.എസ്. യാദവിനെ നിയമിച്ചു. യാദവിനു പകരം എം.എസ്. മീണയെ നിയമിച്ച് ലെഫ്. ഗവർണർ അധികാരം കാട്ടി. രണ്ടു വർഷത്തോളം നീണ്ട രൂക്ഷമായ അധികാരത്തർക്കത്തിൽ ആദ്യവിജയം അന്നത്തെ ലെഫ്. ഗവർണർ നജീബ് ജങ്ങിനായിരുന്നു. ഡൽഹിയുടെ ഭരണത്തലവൻ ലെഫ്. ഗവർണറാണെന്ന് 2016ൽ ഹൈകോടതി വിധിച്ചു.
തുടർന്ന് നജീബ് ജങ് മാറി അനിൽ ബൈജൽ പകരക്കാരനായെത്തിയപ്പോൾ തർക്കം കൂടുതൽ വഷളായി. വിവിധ പദ്ധതികൾക്ക് ലെഫ്. ഗവർണർ തടസ്സമായതോടെ കെജ്രിവാളും നാല് മന്ത്രിമാരും അനിൽ ബൈജലിന്റെ ഓഫിസ് മുറിയിൽ ഒമ്പതു ദിവസം കുത്തിയിരിപ്പു സമരം നടത്തി. സമരത്തിനിടെയാണ്, ലെഫ്. ഗവർണർ, സർക്കാറിന്റെ ഉപദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്ന് 2018ൽ സുപ്രീംകോടതി വിധിയുണ്ടാകുന്നത്. കേന്ദ്രവും ഡൽഹി സർക്കാറും സഹകരിച്ച് പ്രവർത്തിക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനുശേഷവും ഉദ്യോഗസ്ഥ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ തർക്കം തുടർന്നു.
ഈ തർക്കവുമായി ബന്ധപ്പെട്ട ഹരജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് എ.കെ. സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെ വിഷയം ചീഫ് ജസ്റ്റിസ് ആയിരുന്ന എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. തുടർന്ന്, വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ആധികാരിക പ്രഖ്യാപനം ആവശ്യമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ 2022 മേയ് ആറിനാണ് കേസ് ഭരണഘടന ബെഞ്ചിന് വിട്ടത്. കേന്ദ്രസർക്കാറും ഡൽഹി സർക്കാറും തമ്മിലുള്ള അധികാര തർക്കത്തിൽ നിർണായകമായ, ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും ആർക്കാണ് അധികാരമെന്ന ചോദ്യമാണ് ഭരണഘടന ബെഞ്ചിനു മുന്നിൽ വന്നത്.
ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി നേടി മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടി തുടങ്ങി കെജ്രിവാൾ സർക്കാർ. സേവന വിഭാഗം വകുപ്പ് സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ആശിഷ് മോറയെ വ്യാഴാഴ്ച വൈകീട്ട് പദവിയിൽ നിന്നും മാറ്റി സർക്കാർ ഉത്തരവായി. പകരം അനിൽകുമാർ സിങ് ഐ.എ.എസിന് ചുമതല നൽകി. ആശിഷ് മോറക്ക് മറ്റു ചുമതലകൾ നൽകിയിട്ടില്ല.
സർക്കാർ വിളിച്ച യോഗങ്ങളിലും പരിപാടികളിലും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കാത്തത് ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. അധികാരം ലഭിച്ചതോടെ അടുത്ത ദിവസങ്ങിൽ കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നേക്കും. വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെജ്രിവാൾ പ്രതികരിച്ചു. സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ബി.ജെ.പി പ്രതികരിച്ചു.
ന്യൂഡൽഹി: നിരവധി മതങ്ങളും വംശങ്ങളും സംസ്കാരവുമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഫെഡറലിസം എന്നത് വൈവിധ്യമാർന്ന താൽപര്യങ്ങളുടെ പ്രതിനിധാനം കൂടിയാണെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാറിന്റെയും ഡൽഹി സർക്കാറിന്റെയും അധികാരത്തർക്കം തീർപ്പാക്കിയ വിധിയിലാണ് ഭരണഘടന ബെഞ്ച് ഇക്കാര്യം ഓർമിപ്പിച്ചത്. സ്വയംഭരണത്തിനുള്ള ആഗ്രഹത്തോടൊപ്പം ബഹുസ്വര സമൂഹത്തിൽ വൈവിധ്യങ്ങൾക്ക് ഇടം നൽകുകയാണ് ഫെഡറലിസം ചെയ്യുന്നത്.
ജനാധിപത്യവും ഫെഡറലിസവും ഭരണഘടനയുടെ മൗലികമായ സവിശേഷതകളാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗവുമാണ്. ഫെഡറലിസം, പ്രാദേശികമായ വികാരങ്ങളെ അംഗീകരിച്ച് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും ജനാധിപത്യത്തിന്റെ ചൈതന്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ഏത് ഫെഡറൽ സംവിധാനത്തിലും രണ്ട് തരത്തിലുള്ള രാഷ്ട്രീയമുണ്ടാകും. ദേശീയ തലത്തിലും പ്രദേശിക തലത്തിലും രണ്ടുതരം സർക്കാറുകൾ പ്രവർത്തിക്കും. രണ്ട് വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനം തിരഞ്ഞെടുക്കുന്ന ഈ രണ്ട് സർക്കാറുകളും ജനങ്ങളുടെ രണ്ടു തരത്തിലുള്ള സാക്ഷാത്കാരങ്ങളാണ്. രണ്ട് സർക്കാറുകളുടെയും മുൻഗണനകൾ ഒരു ഫെഡറൽ സംവിധാനത്തിൽ വ്യത്യസ്തമായിരിക്കും. കേന്ദ്രത്തിന് ഭരണഘടനയുടെ ഒന്നാം പട്ടികയിലുള്ള വിഷയങ്ങളിൽ വിശേഷാധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് രണ്ടാം പട്ടികയിലും മൂന്നാമത്തെ സമാവർത്തി പട്ടികയിൽ ഭരണഘടനയും പാർലമെന്റും നൽകിയ അധികാരവുമാണ് കേന്ദ്രത്തിനുള്ളത്. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരം ഏറ്റെടുക്കാൻ കേന്ദ്രത്തിനാവില്ല. അങ്ങനെ സംഭവിച്ചാൽ ഫെഡറലിസത്തിനും പ്രാതിനിധ്യ ജനാധിപത്യത്തിനും തിരിച്ചടിയാകും. ഡൽഹി പൂർണമായ ഒരു സംസ്ഥാനമല്ലെങ്കിലും ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് നിയമനിർമാണത്തിനുള്ള അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങളോട് ഉത്തരവാദിത്തമുള്ള, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറാണത്. സംസ്ഥാന നിയമസഭകളെ പോലെയുള്ള തെരഞ്ഞെടുപ്പാണ് ഡൽഹിയിലും നടക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ തങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അവരെ അധികാരത്തിലേറ്റുന്നത്. അതിനാൽ തിരഞ്ഞെടുത്ത ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്ന തരത്തിലാകണം ഡൽഹി സർക്കാറും പ്രവർത്തിക്കേണ്ടത്. നിയമ നിർമാണത്തിന് അധികാരമുള്ള വിഷയങ്ങളിലെല്ലാം ഡൽഹി സർക്കാറിന് നിയന്ത്രണാധികാരമുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിലും ജോയന്റ് കേഡർ സർവിസിലും കയറുന്ന ഉദ്യോഗസ്ഥർക്കുമേൽ നിയന്ത്രണാധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.