ന്യൂഡൽഹി: ഒറ്റമൂലി പ്രയോഗങ്ങൾക്ക് ഉണക്കാനാവാത്ത ഉൾപ്പോരിന്റെ പരിക്കുകൾ കെട്ടിപ്പൊതിഞ്ഞാണ് രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും നിയമസഭ തെരഞ്ഞെടുപ്പിൽ യുദ്ധപതാക ഉയർത്തുന്നത്. നരേന്ദ്ര മോദി നയിക്കുന്ന ദേശീയ ബി.ജെ.പി നേതൃത്വത്തിന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പിടിയിൽ അമർന്നുനിൽക്കുന്ന രാജസ്ഥാൻ കോൺഗ്രസ് ഘടകത്തിന് സചിൻ പൈലറ്റും കൂട്ടരും വില്ലന്മാർ.
പോരിന്റെ വീര്യംമൂലം ബി.ജെ.പിക്ക് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർഥിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരപരിവേഷവും പ്രചാരണ തന്ത്രങ്ങളും മുതലാക്കാനാണ് ഒരുക്കം. ഇതിനകംതന്നെ നിരവധി റാലികൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. സംഘ്പരിവാർ ബലത്തിൽ സംഘടന സംവിധാനം ശക്തമായി തുടരുന്നുവെന്ന ഗുണവുമുണ്ട്. രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും അഞ്ചു കൊല്ലം വീതം മാറിമാറി ഭരിക്കുന്ന അനുഭവം ഇത്തവണ ആവർത്തിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. വസുന്ധര രാജെ പക്ഷേ, കളത്തിൽ ആത്മാർഥമായി ഇറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.
കോൺഗ്രസിന് തിരിച്ചടി നേരിടുന്നുവെങ്കിൽ അതിന് പ്രധാന കാരണം അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റുമായുള്ള പോരുതന്നെ. തെരഞ്ഞെടുപ്പിനുമുമ്പ് അതു പറഞ്ഞൊതുക്കാൻ ഹൈകമാൻഡിന് കഴിഞ്ഞത് നേട്ടം.
എന്നാൽ, നീരസങ്ങൾ ബാക്കി. ഗെഹ്ലോട്ടിന്റെ ഭരണത്തിനെതിരെ സചിൻ ഉയർത്തിവിട്ട ആരോപണങ്ങളെല്ലാം ബി.ജെ.പിക്ക് ആയുധം. ഇൻഡ്യ സഖ്യത്തിലെ കക്ഷികൾക്ക് രാജസ്ഥാനിൽ പലയിടത്തും സ്വാധീനമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങളിൽ അനുകൂല ഘടകമാവുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അശോക് ഗെഹ്ലോട്ടിന് അവരുമായി നല്ല ബന്ധവുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നപോലെ പൈലറ്റ് അധ്വാനിച്ചാൽ കോൺഗ്രസിന് സാധ്യതയേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.