ബംഗളൂരു: മതപരിവർത്തന നിരോധന ബില്ലിനെതിരെ നിയമപരമായി സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യാനുള്ള തീരുമാനവുമായി കർണാടകയിലെ ബിഷപ്പുമാർ. സംസ്ഥാനത്തെ 14 ബിഷപ്പുമാരുടെ കൂട്ടായ്മയാണ് ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ ചർച്ച ചെയ്യുന്നതിനും നിയമപരമായി നേരിടുന്നതിനുമായി ബിഷപ്പുമാർ പ്രത്യേക യോഗം ചേരും.
മതപരിവർത്തനത്തിൽ ക്രൈസ്തവർ ഭാഗമായിട്ടില്ലെന്നും ഇത്തരമൊരു നിയമത്തിെൻറ ആവശ്യമില്ലെന്നും മൈസൂരു ബിഷപ് ഡോ.കെ. വില്യം പറഞ്ഞു. മൈസൂരു രൂപതക്ക് കീഴിൽ 150ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവർക്ക് കോവിഡ് കാലഘട്ടത്തിൽ ഒരുപാട് സഹായങ്ങളും നൽകിയിട്ടുണ്ട്.
എന്നാൽ, ഒരിക്കലും ആരുടെയും മതംമാറാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഒരു വിഭാഗം ഉന്നയിച്ചതോടെയാണ് ഇത്തരം പ്രശ്നങ്ങളുണ്ടായത്. നിലവിൽ തന്നെ നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമം ഉണ്ട്. ഇതുണ്ടായിരിക്കെ പുതിയ ഒരു നിയമം ആവശ്യമില്ല. സംസ്ഥാനത്തെ ബിഷപ്പുമാരുടെ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കും. തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഒരു സർക്കാറിനും ഇതിന് വിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.