ബി.ജെ.ഡിയും ഒടുവിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ഇറങ്ങിപ്പോന്നു; എൻ.ഡി​.എയെ പിന്തുണച്ച് വൈ.എസ്.ആർ കോൺഗ്രസ്

ന്യൂഡൽഹി: രാജ്യസഭയിൽ നിർണായക ഘട്ടങ്ങളിൽ മോദി സർക്കാറിന് സഹായവുമായെത്തിയ ബിജു ജനതാദളും (ബി.ജെ.ഡി) ഒടുവിൽ ഇൻഡ്യ സഖ്യത്തിനൊപ്പം രാജ്യസഭ വിട്ടിറങ്ങി. ബുധനാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോഴായിരുന്നു ഇരു മുന്നണിക്കൊപ്പവുമില്ലാത്ത ബി.ജെ.ഡിയുടെ ഒമ്പത് എം.പിമാരും കൂടെ ചേർന്നത്. അതേസമയം, മുന്നണികൾക്കൊപ്പമില്ലാത്ത മറ്റൊരു കക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എ സർക്കാറിന് അനുകൂല നിലപാടെടുക്കുകയും പ്രതിപക്ഷ നടപടിയെ വിമർശിക്കുകയും ചെയ്തു. രാജ്യസഭയിൽ ഒമ്പത് അംഗങ്ങളാണ് ബി.ജെ.ഡിക്ക് ഉള്ളതെങ്കിൽ വൈ.എസ്.ആർ കോൺഗ്രസിന് 11 എം.പിമാരുണ്ട്.

യു.പി.എ മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്നവരുണ്ട്. അവർ പ്രവൃത്തിയിൽ വിശ്വസിക്കുന്നില്ല എന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇടപെടാൻ അനുമതി തേടിയെങ്കിലും ചെയർമാൻ നിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പ്രതിപക്ഷ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചെയർമാൻ പ്രതികരിക്കുകയും ചെയ്തു.

സർക്കാറിന്റെ മുമ്പത്തെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന പ്രധാനമന്ത്രിയുടെ മറ്റൊരു പതിവ് മറുപടി മാത്രമായിരുന്നു അതെന്നും ഒഡിഷയിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്കും ആവശ്യങ്ങൾക്കും ഇടമില്ലാതായാൽ ഇരിക്കുന്നതിൽ അർഥമില്ലെന്നും വാക്കൗട്ട് നടത്തിയ നടപടിയെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.ഡി നേതാവും രാജ്യസഭ എം.പിയുമാ സസ്മിത് പാത്ര പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രസംഗങ്ങളിൽ ഒഡിഷയെ കുറിച്ചും പ്രത്യേക പദവി വേണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യത്തെ കുറിച്ചും പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചൊവ്വാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്ന് വൈ.എസ്.ആർ കോ​ൺഗ്രസിന്റെ രാജ്യസഭയിലെ നേതാവ് വി. വിജയാസൈ റെഡ്ഡി പ്രതികരിച്ചു. പ്രതിപക്ഷ നടപടി ജനാധിപത്യ തത്വങ്ങൾക്കും പാർലമെൻ്റിലെ മുൻ മാതൃകകൾക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന രണ്ടാം മോദി സർക്കാരിനെ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ നവീൻ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ സഹായിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, യു.എ.പി.എ, വിവരാവകാശ നിയമങ്ങളുടെ ഭേദഗതി, ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് ഉദ്യോഗസ്ഥരുടെ മേൽ സമ്പൂർണ അധികാരം നൽകുന്ന ബിൽ തുടങ്ങിയവ കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയത് ബി.ജെ.ഡിയുടെ പിന്തുണയോടെയാണ്. ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇരു പാർട്ടികളും തമ്മിൽ ഇടഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒഡിഷയിലെ 21 സീറ്റിൽ 20ലും ബി.ജെ.പി വിജയിച്ചപ്പോൾ ഒരു സീറ്റ് കോൺഗ്രസ് നേടി. ബി.ജെ.ഡിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ 78 സീറ്റ് നേടി 24 വർഷത്തെ ബി.ജെ.ഡി ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേറിയിരുന്നു.

Tags:    
News Summary - The BJD also eventually Walkout with the INDIA Alliance; YSR Congress in support of NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.