റാഞ്ചി: ഝാർഖണ്ഡിൽ വീട്ടുജോലിക്കാരിയെ ക്രൂരമർദനത്തിനിരയാക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവിനെ കുടുക്കിയത് മകൻ ചിത്രീകരിച്ച വിഡിയോ. വീട്ടുജോലിക്കാരി സുനിതയെ തന്റെ മാതാവ് നാലു വർഷമായി ക്രൂരമായി ദ്രോഹിക്കുകയാണെന്നും അവരെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ട് സീമ പത്രയുടെ മകൻ ആയുഷ്മാൻ അദ്ദേഹത്തിന്റെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥൻ വിവേക് ആനന്ദ് ബസ്കിക്ക് വിഡിയോ അയച്ചു കൊടുക്കുകയായിരുന്നു. വിവേക് ആനന്ദ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് സുനിതയെ സീമയുടെ വീട്ടിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, മകൻ വീട്ടുജോലിക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ സീമ പത്ര അദ്ദേഹത്തെ റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സൈക്യാട്രി ആന്റ് അലൈഡ് സയൻസസിൽ നിർബന്ധപൂർവം അഡ്മിറ്റാക്കിയിരിക്കുകയാണ്. അവന് സുഖമില്ലെന്നും താൻ നിരപരാധിയാണെന്നും സീമ പറയുന്നു.
അതേസമയം, സുനിതയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പൊലീസ് അഡ്മിറ്റ് ചെയ്തിട്ടുണ്ട്. 29 വയസുള്ള യുവതിയാണ് സുനിത. എന്നാൽ മർദനവും പട്ടിണിയും മൂലം അതീവ അവശനിലയിലാണ്.
ഇരുമ്പ് ദണ്ഡും തവിയും ഉപയോഗിച്ച് പല്ലുകൾ അടിച്ചു തകർത്തുവെന്നും മൂത്രം കുടിപ്പിച്ചുവെന്നും സുനിത പറയുന്നു. അവർക്ക് വ്യക്തമായി സംസാരിക്കാനോ നിൽക്കാനോ സാധിക്കുന്നില്ല. ദിവസങ്ങളായി ഭക്ഷണവും വെള്ളവും നൽകുന്നില്ലെന്നും സീമ പത്രയുടെ മകൻ ഉള്ളതുകൊണ്ട് മാത്രമാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും സുനിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.