ന്യൂഡൽഹി: കോവിഡ് വാക്സിനെടുക്കുന്നതിന് കോവിന്‍ പോര്‍ട്ടലില്‍ നൽകിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ കൃത്യമായ മറുപടിയില്ലാതെ കേന്ദ്ര സർക്കാർ. വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പോർട്ടൽ പൂർണ സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുമ്പോൾ, വിവരങ്ങൾ ചോർന്നെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് കേന്ദ്ര ഐ.ടി മന്ത്രാലയം.കോവിന്‍ പോര്‍ട്ടലില്‍നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാനരഹിതവും ബാലിശവുമാണെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണ്. വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ ആവശ്യമായ സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഒ.ടി.പി നൽകിയാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും ഡേറ്റ ബേസിൽനിന്നും നേരിട്ട് ചോർത്തിയതല്ലെന്നുമാണ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. ഡേറ്റ ചോര്‍ന്നത് കോവിനില്നിന്നാണോ അതോ മറ്റേതെങ്കിലും ഉറവിടത്തില്നിന്നാണോ എന്നറിയാൻ അന്വേഷണം ആരംഭിച്ചതായി ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സമൂഹ മാധ്യമമായ ടെലിഗ്രാമിൽ വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജനന വർഷം, ജെൻഡർ, വാക്സിൻ എടുത്ത കേന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളുമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ നമ്പർ നൽകി, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായി പി. ചിദംബരം, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി ഡെറിക് ഒബ്രോൺ അടക്കമുള്ളവരുടെ വിവരങ്ങൾ ലഭ്യമായതിന്റെ സ്ക്രീൻ ഷോട്ട് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോകലെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വ്യക്തിവിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.ഡിജിറ്റൽ ഇന്ത്യ എന്നു പറഞ്ഞ് നടക്കുന്ന കേന്ദ്ര സർക്കാർ പൗരന്റെ സ്വകാര്യത എന്ന അവകാശത്തെ മറക്കുകയാണോ എന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.