ന്യൂഡൽഹി: ചരിത്രത്തിൽ മുമ്പൊരിക്കലും കാണാത്തവിധം പൂർണമായും ആശയവിനിമയമറ്റ് സർക്കാറും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചക്കാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന നാളുകളിൽ പാർലമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിക്കുന്നത്. 17ാം ലോക്സഭയുടെ അവസാന സമ്പൂർണ സമ്മേളനം അവസാനിക്കാൻ നാലു ദിവസം മാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷ ശബ്ദം തന്നെ പാർലമെന്റിൽനിന്ന് പാടെ ഇല്ലാതാക്കുന്ന നിർണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘പ്രതിപക്ഷത്തെ ഒന്നിച്ചങ്ങ് സസ്പെൻഡ് ചെയ്തേക്കൂ’ എന്ന ചില പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ അക്ഷരാർഥത്തിൽ വെല്ലുവിളിയായി ഏറ്റെടുത്ത് നടപ്പാക്കുകയാണിപ്പോൾ. എത്ര പേരെയാണിന്ന് സസ്പെൻഡ് ചെയ്തതെന്ന ചോദ്യത്തിന് ഇന്ന് 33 പേരുടെ കാര്യത്തിൽ തീരുമാനമായെന്നും അവശേഷിക്കുന്നവരുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമാകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പ്രതികരിച്ചതിലൂടെ വ്യക്തമാക്കുന്നത് ഏറ്റുമുട്ടലിൽനിന്ന് പിറകോട്ടില്ലെന്നാണ്. ഇത് പറയുമ്പോൾ പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ സിങ് മേഘ്വാളും ചിരിച്ചുകൊണ്ട് അതിനെ ശരിവെക്കുകയാണ്. പാർലമെന്ററി സംവിധാനത്തിൽ പ്രതിപക്ഷത്തെ കൂട്ടിപ്പിടിക്കാൻ നിയോഗിക്കപ്പെടാറുള്ള പാർലമെന്ററികാര്യ മന്ത്രിമാർ ഏറ്റവും വലിയ പ്രതിപക്ഷ വിമർശകരായി ഇരുസഭകളിലും പോരിനിറങ്ങുകകൂടി ചെയ്തതോടെ സമവായത്തിന്റെ സകല വഴികളുമടയുകയായിരുന്നു. ലോക്സഭയിലും രാജ്യസഭയിലും ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാറിനും പ്രതിപക്ഷത്തിനുമിടയിൽ പാലമായി വർത്തിക്കാറുള്ള സ്പീക്കറുടെയും ചെയർമാന്റെയും ചേംബറുകൾ ഒരാഴ്ചയായി പ്രതിപക്ഷത്തിനെതിരായ നടപടികളിൽ മാത്രം കേന്ദ്രീകരിക്കുകയാണ്.
രാജ്യസഭയിൽ മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ചെയർമാൻ ജഗ്ദീപ് ധൻഖർ സംസാരിക്കാൻ അനുവദിക്കാതിരിക്കുമ്പോൾ കേന്ദ്ര നിർദേശപ്രകാരം ചെയർമാന്റെ ചേംബറിലേക്കുള്ള ക്ഷണം ഖാർഗെ നിരസിക്കുകയാണ്. 45 അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത പ്രമേയം പാസാക്കിയശേഷവും പ്രതിപക്ഷ നേതാവിനെ ഇത്രയും ദിവസമായി സംസാരിക്കാൻ അനുവദിക്കാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ച അംഗങ്ങളോട് ചേംബറിൽവന്ന് കാണാനുള്ള തന്റെ ആവശ്യത്തെ അംഗീകരിക്കാത്ത പ്രതിപക്ഷ നേതാവിനെ താൻ എങ്ങനെ കേൾക്കുമെന്നാണ് ചെയർമാൻ ജഗ്ദീപ് ധൻഖർ തിരിച്ചുചോദിച്ചത്.
പ്രതിഷേധം നയിച്ച പ്രതിപക്ഷ നേതാക്കളായ അധിർ രഞ്ജൻ ചൗധരിയെയും ഗൗരവ് ഗോഗോയിയെയും ദയാനിധി മാരനെയും സഭ നിർത്തിവെച്ച വേളയിൽ അവരുടെ ഇരിപ്പിടത്തിൽ ചെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി കണ്ടു.
പ്രതിപക്ഷത്തെ ഒന്നാകെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയെ വെല്ലുവിളിച്ച ചൗധരിയും ഗോഗോയിയും അതിന് സർക്കാറിന് ധൈര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചശേഷമാണ് അതേ മന്ത്രിതന്നെ സസ്പെൻഡ് ചെയ്യാനുള്ള പ്രതിപക്ഷ എം.പിമാരുടെ പട്ടിക തയാറാക്കി പ്രമേയം അവതരിപ്പിച്ച് വെല്ലുവിളി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.