ന്യൂഡൽഹി: സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹക്കുറ്റം അനിവാര്യമാണെന്ന നിയമ കമീഷൻ ശിപാർശ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമല്ലെന്ന പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ രംഗത്തുവന്നു. എന്നാൽ, നിയമ കമീഷനെ ഉപയോഗിച്ച് രാജ്യദ്രോഹക്കുറ്റം കൂടുതൽ കടുപ്പമുള്ളതാക്കി സുപ്രീംകോടതി വിധി മറികടക്കാനുള്ള നീക്കമാണോ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.
മേയ് 24ന് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും വിവാദ ശിപാർശ വാർത്തയാകുകയും എതിർപ്പുമായി പലരും രംഗത്തുവരുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രി ട്വിറ്ററിൽ പ്രതികരിച്ചത്. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന കൂടിയാലോചനയിൽ ഒരു പടി മാത്രമാണ് നിയമ കമീഷൻ റിപ്പോർട്ട് എന്ന് മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷമാണ് 124 എ വകുപ്പ് റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും നിയമമന്ത്രി കൂട്ടിച്ചേർത്തു. നിയമ കമീഷൻ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് രാജ്യദ്രോഹക്കുറ്റം പുനഃസ്ഥാപിക്കണമെന്ന ശിപാർശയെ അപലപിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണോ രാജ്യദ്രോഹക്കുറ്റം കേന്ദ്ര സർക്കാർ ഇനിയും റദ്ദാക്കാത്തത് എന്ന് സിങ്വി ചോദിച്ചു. ബി.ജെ.പി കാലത്ത് ഇതിന്റെ ദുരുപയോഗം പതിന്മടങ്ങ് വർധിച്ചു. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിനാണ് 27 രാജ്യദ്രോഹ കേസുകൾ.
വിവാദ കർഷക നിയമത്തിനെതിരെ സമരം ചെയ്തതിന് എട്ട് രാജ്യദ്രോഹ കേസുകൾ. 21 രാജ്യദ്രോഹ കേസുകൾ മാധ്യമപ്രവർത്തകർക്കെതിരാണ്. പ്രതിപക്ഷത്തുള്ളവർക്കും സർക്കാറിനെതിരെ ചിന്തിക്കുന്നവർക്കും മാത്രം ഉപയോഗിക്കുന്ന വകുപ്പാക്കി ബി.ജെ.പി ഇതിനെ മാറ്റി. ശശി തരൂർ, രാജ്ദീപ് സർദേശായി, വിനോദ് ദുവ, കാരവൻ മാഗസിൻ എഡിറ്റർ എന്നിവർ അതിനുദാഹരണങ്ങളാണെന്നും സിങ്വി പറഞ്ഞു.
കമീഷൻ ശിപാർശക്കെതിരെ നിയമ വിദഗ്ധരും പ്രതികരണവുമായി രംഗത്തുവന്നു. വിവാദ ശിപാർശയിലൂടെ പൗരസ്വാതന്ത്ര്യത്തിന്റെ ഘടികാരം കമീഷൻ പിറകോട്ട് തിരിച്ചുവെച്ചുവെന്ന് അഡ്വ. ദീപക് ജോഷി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.