ന്യൂഡൽഹി: ഓണ്‍ലൈൻ വാർത്തപോർട്ടലുകളെയും 'ഓവർ ദ ടോപ്' (ഒ.ടി.ടി) പ്ലാറ്റ്ഫോമുകളെയും നിയന്തണത്തിലാക്കി കേന്ദ്ര സർക്കാർ. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സിനിമകൾ, ദൃശ്യ-ശ്രാവ്യ പരിപാടികൾ, വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവ കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ച വിജ്ഞാപനം പുറത്തിറക്കി. ഇവയുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്രത്തിന് ഇനി സാധിക്കും.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ തുടങ്ങിയവയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പെടുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയുള്ള വാർത്തകളും വിജ്ഞാപനം അനുസരിച്ച് സർക്കാറിന് നിരീക്ഷിക്കാം.
നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് നിയമമോ സ്വയംഭരണ സമിതിയോ ഇതുവരെ ഇല്ലായിരുന്നു. അതേസമയം, പ്രിൻറ് മീഡിയുമായി ബന്ധപ്പെട്ട് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ, വിഷ്വൽ മീഡിയുമായി ബന്ധപ്പെട്ട് നിരീക്ഷിക്കാൻ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ), പരസ്യങ്ങൾക്ക് അഡ്വർടൈസിങ് സ്റ്റാൻഡേഡ് അസോസിയേഷൻ ഓഫ് ഇന്ത്യ, സിനിമകൾക്ക് സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ എന്നിവയുണ്ട്.
വ്യാജവാർത്ത, വിദ്വേഷ- സ്ത്രീവിരുദ്ധ പരാമർശങ്ങൾ തുടങ്ങിയവ തടയുകയാണ് ലക്ഷ്യമെന്നാണ് പുതിയ വിജ്ഞാപനത്തിന് വിശദീകരണം. ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹരജിയില്‍ പ്രത്യേക സമിതി വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് നടപടി.
സിനിമ, വെബ്സീരീസ്, ഡോക്യുമെൻററി തുടങ്ങി വിവിധ പരിപാടികൾ ഇൻറര്‍നെറ്റിലൂടെ പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമാണ് ഒാവർ ദി ടോപ് (ഒ.ടി.ടി). 40 ഓളം ഒടിടി പ്ലാറ്റ്ഫോമുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. മിക്ക ഒടിടി പ്ലാറ്റ്ഫോമുകളും െപാതുവായി ചില ഉള്ളടക്കം സൗജന്യമായും ചിലത് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുമാണ് നൽകുന്നത്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയവയാണ് ഏറെ പ്രചാരമുള്ളവ. ലോക്ഡൗൺ കാലത്ത് തിയറ്ററുകൾ അടച്ചിട്ടതോടെ ഇവക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ മലയാള സിനിമകളായ ഹലാൽ ലവ് സ്റ്റോറി, സൂഫിയും സുജാതയും, സീ യൂ സൂൺ എന്നിവ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.