മലയാളിയായ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയന്റേതാണ് നടപടി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) കമാന്റോകൾ ഇനി അദ്ദേഹത്തിന് സുരക്ഷയൊരുക്കും. വി.ഐ.പികൾ, വി.വി.ഐ.പികൾ, അത്‍ലറ്റുകൾ, നടീനടന്മാർ തുടങ്ങിയ പ്രമുഖർക്കാണ് ഉയർന്ന സുരക്ഷ ഏർപ്പെടുത്തുന്നത്. കേന്ദ്രം വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ്. 35 മുതൽ 40 വരെ കമാന്റോകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ സുരക്ഷയൊരുക്കും.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിൽ നവംബർ 23നാണ് മുൻ ഐ.എ.എസ് ഓഫിസറായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്. അതുവരെ മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.
1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് സി.വി. ആനന്ദബോസ് ജനിച്ചത്. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവനും ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.