കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരു വർഷമായി യോഗം ചേരുന്നില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

ന്യൂഡൽഹി: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഹാരം കാണേണ്ട ചുമതലയുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരു വര്‍ഷത്തിലേറെയായി യോഗം ചേരുന്നില്ലെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയും കമ്മിറ്റിംഗം ഡോക്ടര്‍ ഐ. പി അബ്ദുസ്സലാമും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നും ഹജ്ജിനു പോകുന്നവര്‍ക്ക് ഒരു ടിക്കറ്റിന് 165,000 രൂപ ഈടാക്കാനുള്ള കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ഹജ്ജ് വ്യോമയാന മന്ത്രാലയങ്ങൾക്ക് നിവേദനം നൽകിയതായി ഇരുവരും അറിയിച്ചു.

സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി. വി അബ്ദുറഹിമാനും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്ത് കേന്ദ്ര വ്യോമയാന, ന്യൂനപക്ഷ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചിട്ടും ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അതിനാൽ ഇരു മന്ത്രിമാരെയും കാണാനുള്ള ശ്രമത്തിലാണെന്നും ഇരുവരും പറഞ്ഞു.

2022 ആഗസ്റ്റിനു ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. ഹജ്ജ് കഴിഞ്ഞതിനു ശേഷം പതിവായി ചേര്‍ന്നിരുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള അവലോകന യോഗവും കഴിഞ്ഞ വര്‍ഷം ചേര്‍ന്നില്ല. ഇതിന് പകരം ഹജ്ജ് കമ്മിറ്റി സി.ഇ.ഒ യും ന്യൂനപക്ഷ മന്ത്രാലയവും നേരിട്ടാണ് കാര്യങ്ങള്‍ ചെയ്തു വരുന്നത്. ഈ വിഷയം വ്യക്തമാക്കി കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മന്ത്രിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി കത്ത് നല്‍കിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് എയർ ഇന്ത്യ നിരക്ക് കുറച്ചോ, പുതിയ ടെന്‍ഡര്‍ വിളിച്ചോ പ്രശ്ന പരിഹാരം ഉണ്ടാവേണ്ടതുണ്ട് എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നും തുല്യ ദൂര പരിധിയുള്ള സ്ഥലത്തേക്ക് കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും (കോഴിക്കോട് 1,20,490 രൂപ, കൊച്ചി 1,21,275 രൂപ കണ്ണൂര്‍ 1,22,141 രൂപ എന്നിങ്ങ​നെ) കഴിഞ്ഞ തവണ ഏതാണ്ട് ഒരേ ടിക്കറ്റ് നിരക്കായിരുന്നുവെന്ന് നിവേദനത്തിൽ ബോധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം മൂന്ന് കേന്ദ്രങ്ങളില്‍ ഏറ്റവും കുറവ് കോഴിക്കോട് നിന്നായിരുന്നു. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അന്നും കോഴിക്കോട് നിന്നുള്ള സര്‍വ്വീസ് നടത്തിയത്. എയർ ഇന്ത്യ ഇല്ലാത്ത മറ്റു രണ്ടു കേന്ദ്രത്തിലും ടിക്കറ്റ് ചാര്‍ജ് 1,20,000 രൂപയില്‍ നിന്നും നിന്ന് 86,000 രൂപ ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം ആകെ അപേക്ഷകരില്‍ അറുപത് ശതമാനത്തോളും പേരും കോഴിക്കോടാണ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത്.

കൊച്ചിയിലും കണ്ണൂരിലും ചാര്‍ട്ട് ചെയ്തതുപോലെ കോഴിക്കോടും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം ചാര്‍ട്ട് ചെയ്യുക, വലിയ വിമാനങ്ങള്‍ക്ക് ഒരു കാരണവശാലും കോഴിക്കോട് നിന്നും അനുമതി നല്‍കാനാവില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യയുടെ അതേ ശ്രേണിയിലുള്ള ഇന്‍ഡിഗോ സ്‌പെയ്‌സ് ജെറ്റ്, സഊദി അറേബ്യന്‍ കമ്പനിയായി ഫ്‌ളൈ നാസ് തുടങ്ങിയ വിമാനങ്ങള്‍ പരിഗണിക്കുകയും കൊച്ചി, കണ്ണൂര്‍ കേന്ദ്രങ്ങളിലേതിനോട് സമാനമായ നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുക, കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കോട്ട് ചെയ്ത സംഖ്യ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് തുല്യമാക്കന്‍ വ്യോമയാന വകുപ്പ് നിര്‍ദേശം നല്‍കുക, അപേക്ഷ നല്‍കിയ ഹാജിമാരില്‍ നിന്നും കൊച്ചി അല്ലെങ്കില്‍ കണ്ണൂര്‍ രണ്ടാം ഓപ്ഷനായി സെലക്ട് ചെയ്ത മുഴുവന്‍ ഹാജിമാര്‍ക്കും അതു പ്രകാരമുള്ള കേന്ദ്രത്തില്‍ നിന്നും യാത്ര ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

Tags:    
News Summary - The Central Hajj Committee has not met for a year and the State Hajj Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.