ഹൈദരാബാദ്: സർക്കാറിന് കോവാക്‌സിൻ ദീർഘകാലം 150 രൂപക്ക് നൽകുകയാണെങ്കിൽ സ്വകാര്യ മേഖലക്ക് നൽകുന്ന വില വർധിപ്പിക്കേണ്ടി വരുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. നിലവിൽ സ്വകാര്യ മേഖലയിൽ കോവാക്‌സിന് പരമാവധി ഈടാക്കാവുന്ന തുക 1410 രൂപയാണ്. ഇന്ത്യയിൽ ലഭ്യമായ മറ്റു വക്സിനുകളേക്കാൾ ഉയർന്ന വിലയാണിത്.
ദീർഘകാലം 150 രൂപക്ക് സർക്കാറിന് വാക്സിൻ നൽകാൻ സാധിക്കില്ല. നഷ്ടം സഹിച്ചാണ് കേന്ദ്രത്തിന് ഈ വിലക്ക് നൽകുന്നത്. ഇത് നികത്താൻ സ്വകാര്യ മേഖലയിൽ വില വർധിപ്പിക്കൽ അനിവാര്യമാണ്.
ഇതുവരെ 500 കോടിയിലധികം രൂപ നിക്ഷേപിച്ചാണ് വാക്സിൻ നിർമിക്കുന്നത്. ഉൽപ്പന്ന വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഉൽപ്പാദന സൗകര്യങ്ങൾ എന്നിവക്കായാണ് ഇത്രയും തുക നിക്ഷേപിച്ചിട്ടുള്ളതെന്നും ഭാരത് ബയോടെക് അറിയിച്ചു.
ആഗോളതലത്തിൽ ചെലവേറിയ മൂന്നാമത്തെ വാക്‌സിനാണ് കോവാക്‌സിൻ. ചെലവേറിയ സാങ്കേതിക വിദ്യയാണ് ഇതിൻെറ നിർമാണത്തിൽ ഉപയോഗിക്കുന്നതെന്നും അതാണ് വില വർധിക്കാൻ കാരണമെന്നും നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
കോവാക്‌സിൻെറ സാങ്കേതികവിദ്യ കോവിഷീൽഡിൽനിന്നും സ്പുട്‌നിക്കിൽനിന്നും വളരെ വ്യത്യസ്തമാണ്. കോവാക്‌സിൻ തയാറാക്കാൻ പ്രവർത്തനരഹിതമായ മുഴുവൻ വൈറസും ഉപയോഗിക്കുന്നു. അതിനാൽ നൂറുകണക്കിന് ലിറ്റർ വിലയേറിയ സെറം ഇറക്കുമതി ചെയ്യണം.
ബി.എസ്.എൽ ലാബുകൾക്ക് കീഴിൽ സൂക്ഷിക്കുന്ന ഈ സെറത്തിൽ വൈറസ് വളരുന്നു. ഇവയെ പ്രവർത്തനരഹിതമായി നിർത്തി അതീവ മുൻകരുതലുകളോടെയാണ് ഇതിൻെറ പ്രവർത്തനം.
അസംസ്കൃത വസ്തുക്കൾ, പാക്കിങ്, പ്ലാൻറ് പ്രവർത്തനവും പരിപാലനവും, ലൈസൻസുകൾ നേടാനുള്ള ചെലവ്, ഉൽപ്പന്ന വികസനച്ചെലവ്, ക്ലിനിക്കൽ ട്രയലുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വാക്സിൻെറ വില നിശ്ചയിക്കുന്നത്. അതിന് പുറമെ വിവിധ ടാക്സുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.