ന്യൂഡൽഹി: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡർ വിടവാങ്ങിയത് മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നുള്ള ഉദ്യോഗസ്ഥനായി ഇദ്ദേഹം സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിെൻറ സംഘത്തിലെ പ്രധാനിയായിരുന്നു. ഒരു വർഷത്തിലേറെയായി റാവത്തിെൻറ സംഘത്തിൽ അംഗമായ ലിഡ്ഡർ മേജർ ജനറലാകാനിരിക്കെയാണ് അന്ത്യം. 1990 ഡിസംബറിൽ ജമ്മു-കശ്മീർ റൈഫിൾസിെൻറ രണ്ടാം ബറ്റാലിയൻ അംഗമായി. പിന്നീട് കമാൻഡറായ ലിഡ്ഡറിനെ സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചു.
ജമ്മു-കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച അദ്ദേഹം ഇന്ത്യ-ചൈന അതിർത്തിയിൽ സേനാവ്യൂഹത്തിെൻറ കമാൻഡറായും സേവനമനുഷ്ഠിച്ചു. ജനറൽ റാവത്തിെൻറ പ്രതിരോധ സഹായി എന്ന നിലയിൽ, ഇന്ത്യയുടെ പ്രതിരോധ പരിഷ്കാരനടപടികൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചു. കര-നാവിക-വ്യോമസേനകൾക്കിടയിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാനുള്ള ട്രൈ-സർവിസസ് തിയറ്റർ കമാൻഡുകൾ പുറത്തിറക്കാനുള്ള ബൃഹത്തായ റോഡ് മാപ്പിന് പിറകിലും ലിഡ്ഡറിെൻറ കരങ്ങളായിരുന്നു.
കസാഖ്സ്താനിൽ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ആയി സേവനമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.