കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പാട്ടേലിന്റെ ജനവിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധം വീട്ടകങ്ങളിൽനിന്ന് പുറത്തേക്ക്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി അനുവാദമില്ലാതെ പിടിച്ചെടുക്കാൻ റവന്യൂ വകുപ്പ് അളന്നുതിരിച്ച് നാട്ടിയ കൊടികൾ ജനപ്രതിനിധികൾ ഊരിമാറ്റി.
കഴിഞ്ഞദിവസം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തോടെ പ്രതിഷേധമുയർന്നപ്പോൾ കൊടികൾ അധികൃതർതന്നെ നീക്കിയിരുന്നെങ്കിലും കവരത്തിയിലെ ഏതാനും സ്ഥലങ്ങളിൽ കൊടികൾ നിലനിന്നിരുന്നു. ഇവിടെയെത്തിയാണ് ജില്ല പഞ്ചായത്ത് അംഗങ്ങളും കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിച്ചത്. അന്യായമായ ഭൂമി ഏറ്റെടുക്കലിനെതിരെ ശനിയാഴ്ച പ്രതിഷേധിക്കാനായിരുന്നു സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിരുന്നത്. ഇതുപ്രകാരമാണ് ജനപ്രതിനിധികൾ നേരിട്ടിറങ്ങിയത്.
ഏതാനും പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചത് ഒഴിച്ചാൽ ഇതുവരെ വീടുകൾക്ക് പുറത്തേക്ക് സമരം വ്യാപിച്ചിരുന്നില്ല. ഈ സമരങ്ങളും പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. കവരത്തിയിൽ ആദ്യമായാണ് അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ പുറത്തിറങ്ങിയുള്ള സമരം നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലം അവരോട് അനുവാദം ചോദിക്കാതെയാണ് അഡ്മിനിസ്ട്രേറ്റർ അളന്നുതിരിച്ചതെന്നും അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നയമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. 'ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് സ്വന്തം, വിട്ടുതരില്ല ഒരുപിടി മണ്ണും' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം.
ജനപ്രതിനിധികളോട് അഭിപ്രായം ആരായാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം താഹാ മാളിക 'മാധ്യമ'ത്തോട് പറഞ്ഞു. ജനാധിപത്യപരമായ ഒരു പ്രതിഷേധവും അനുവദിക്കുന്നില്ല. സെക്രേട്ടറിയറ്റിലേക്ക് മാർച്ച് ആസൂത്രണം ചെയ്തെങ്കിലും അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.