പ്രളയകാലത്ത് കേരളത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ല; ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയം -കേന്ദ്രമന്ത്രി

ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ. രാജ്യസഭയിൽ ജോസ് കെ. മാണി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. കേരളം ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. ഭക്ഷ്യധാന്യത്തിന് വേണ്ട പണം ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ല. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമാണെന്നും മന്ത്രി പറഞ്ഞു.

2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് കേന്ദ്രം എഫ്.സി.ഐയിൽനിന്ന് 89540 മെട്രിക് ടണ്‍ അരി അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. 205.81 കോടി തിരികെയടക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ സംസ്ഥാനം കത്ത് നൽകി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു ആവശ്യം.

പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ നിരവധി തവണ കത്തയച്ചിരുന്നു. എന്നാൽ, കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്സിഡിയിൽനിന്ന് തിരിച്ചുപിടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ജൂലൈയിൽ സംസ്ഥാനത്തിന് കത്തെഴുതിയിരുന്നു. ഇതോടെ പണം അടക്കാൻ കേരളം നിർബന്ധിതരാവുകയും തിരച്ചടവിനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തിരുന്നു.

Tags:    
News Summary - The food grain given to Kerala during the flood was not free; Union Minister Piyush Goyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.