മീഡിയവൺ വിലക്ക്; 'ദ ഹിന്ദു'വിന്‍റെ മുഖപ്രസംഗം വായിക്കാം

മീഡിയവണിന്‍റെ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗ്ൾ ബെഞ്ച് വിധി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് 'ദ ഹിന്ദു' ദിനപത്രം മുഖപ്രസംഗം. സർക്കാറിന്റെ 'മുദ്രവെച്ച കവർ' കണക്കിലെടുത്ത് വിധി പറയുന്നത് ദൗർഭാഗ്യകരമാണ്. ഈ രീതി പ്രോത്സാഹിപ്പിച്ചാൽ മാധ്യമ സ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളിയാകുമെന്നും 'ദ ഹിന്ദു' വ്യക്തമാക്കുന്നു.

മുഖപ്രസംഗം- പൂര്‍ണരൂപം:

മലയാളം വാർത്താ ചാനലായ മീഡിയവണിന്‍റെ സംപ്രേഷണാനുമതി റദ്ദാക്കിയ സർക്കാർ നടപടി ശരിവെച്ച കേരള ഹൈക്കോടതി വിധി തീർത്തും തെറ്റാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതിനെ തുടർന്ന് മീഡിയവണ്‍ ചാനലിന്‍റെ അപ്‍ലിങ്ക്, ഡൗൺലിങ്ക് അനുമതി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയില്ല. കമ്പനിയും ജീവനക്കാരും നടപടിക്കെതിരെ കോടതിയെ സമീപിച്ചു. ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും അതിനാൽ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്നുമുള്ള സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചതായി തോന്നുന്നു. വെളിപ്പെടുത്തിയില്ലെങ്കിലും മതിയായ കാരണങ്ങളുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടു.

മുദ്രവച്ച കവറിൽ രേഖകൾ സമർപ്പിച്ചത് അംഗീകരിക്കാനും ഹരജിക്കാരെ ഉള്ളടക്കം കാണിക്കാതെ അധികാരികളോട് യോജിക്കാനും കോടതി തീരുമാനിച്ചത് ഖേദകരമാണ്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളിന്മേലുള്ള ഏതൊരു നിയന്ത്രണവും ന്യായമായിരിക്കണമെന്ന നിയമ തത്വത്തിന് എതിരാണ് കോടതിയുടെ തീരുമാനം. ഈ കേസില്‍ മാധ്യമ സ്വാതന്ത്ര്യം, വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം, വിവരങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട പരസ്പര ബന്ധിത അവകാശങ്ങൾ ഉൾപ്പെടുന്നു. ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ചട്ടക്കൂടിൽ പെടുന്നു. നിയന്ത്രണത്തിന്റെ ന്യായം ഒരു തരത്തിലും പരിശോധിക്കാതെ കോടതി അത് അംഗീകരിച്ചതായി തോന്നുന്നു. ചാനലിന്റെ സംപ്രേഷണാവകാശം മാത്രമല്ല, പ്രേക്ഷകരുടെ അറിയാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.

ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ ദേശ സുരക്ഷ ഒരു കാരണമായി ഉപയോഗിക്കാനാവില്ലെന്ന മുൻകാല വിധി കോടതി തള്ളിക്കളഞ്ഞത് അതിശയകരമാണ്. പൗരന്മാര്‍ക്കെതിരെ പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച കേസിലായിരുന്നു ആ വിധി. 'സ്വകാര്യതക്കുള്ള അവകാശം' ഉൾപ്പെട്ട ഒരു കേസാണ് അതെന്നും മീഡിയവൺ കേസുമായി ബന്ധപ്പെട്ടതല്ലെന്നും അവകാശപ്പെടുന്നതിലൂടെ ജഡ്ജിക്ക് പിഴവ് സംഭവിച്ചതായി തോന്നുന്നു. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനോ വെട്ടിച്ചുരുക്കുന്നതിനോ വേണ്ടി ദേശ സുരക്ഷ ഉന്നയിച്ചാല്‍ സൂക്ഷ്മപരിശോധന വേണമെന്നത് പൊതുതത്വമാണ്. അത് ഒരു പ്രത്യേക അവകാശത്തിൽ ഒതുങ്ങുന്നില്ല.

കൂടാതെ 'മുദ്ര വെച്ച കവർ' വിധിനിർണയത്തിനായി ഉപയോഗിക്കുന്നത് സ്വീകാര്യമല്ല. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജുഡീഷ്യൽ പുനരവലോകനത്തിനുള്ള സാധ്യത പരിമിതമാണെന്ന് കോടതികൾ അംഗീകരിച്ചാല്‍ പോലും, ഭരണകൂടം എന്ത് കാരണത്താലാണ് നടപടിയെടുത്തതെന്ന് തെളിയിക്കേണ്ടതുണ്ട്. എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ വിമുഖത കാണിച്ചാലും, നടപടിയുടെ അടിസ്ഥാനം സര്‍ക്കാര്‍ വ്യക്തമാക്കണം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞ് ഒരു ചാനലിന്‍റെ പ്രവർത്തനാനുമതി റദ്ദാക്കുന്നത് പ്രോത്സാഹിപ്പിച്ചാല്‍, മാധ്യമ സ്വാതന്ത്ര്യം വലിയ അപകടത്തിലാകും.

Tags:    
News Summary - the hindu editorial on mediaone ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.