ബംഗളൂരു: ജനുവരി അവസാനത്തോടെ മരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രമേഹം, രക്തസമ്മർദം, ക്ഷയം എന്നിവക്കുള്ള മരുന്നുകളാണ് ഇത്തരത്തിലെത്തിക്കുക. സ്ത്രീകൾക്ക് മാത്രമായുള്ള ക്ലിനിക്കുകൾ, 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ നേത്രപരിശോധന, ചികിത്സ എന്നിവയും ജനുവരി അവസാനത്തിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തനം തുടങ്ങിയ 114 നമ്മ ക്ലിനിക്കുകൾ ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായമായവർക്കുള്ള ശസ്ത്രക്രിയ അടക്കമുള്ള സൗകര്യങ്ങൾ നൽകും. ജന്മനാ കേൾവിത്തകരാറുള്ളവർക്കായി കോക്ലിയർ ഉപകരണം ഘടിപ്പിക്കുന്നതിനുള്ള 500 കോടിയുടെ പദ്ധതി രൂപവത്കരിക്കും.
ആകെയുള്ള 438 നമ്മ ക്ലിനിക്കുകളും ജനുവരി അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും പങ്കെടുത്തു. ചേരിനിവാസികൾ, ദിവസക്കൂലിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രാഥമികാരോഗ്യ സൗകര്യം ലഭ്യമാക്കുകയാണ് നമ്മ ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കൽ ഓഫിസർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഗ്രൂപ് ഡി ജീവനക്കാരൻ എന്നിവരടങ്ങിയ ഒരു ക്ലിനിക്കിൽ 12 ഇനം ആരോഗ്യ സേവനങ്ങളാണ് ലഭിക്കുക.
പ്രസവചികിത്സ, പ്രസവാനന്തര ചികിത്സ, നവജാതശിശുക്കൾക്കുള്ള ചികിത്സ, കുട്ടികൾക്കും പ്രായപൂർത്തിയായവർക്കുമുള്ള ചികിത്സ, പ്രതിരോധ കുത്തിവെപ്പ് സൗകര്യങ്ങൾ, കുടുംബക്ഷേമം, ഗർഭനിരോധനം, പകർച്ചവ്യാധി ചികിത്സ, പ്രാഥമികവും ചെറുതുമായ രോഗങ്ങൾക്കുള്ള ചികിത്സ, പ്രമേഹം, രക്തസമ്മർദം, ദീർഘകാല രോഗം, വായ രോഗങ്ങൾ തുടങ്ങിയവക്കുള്ള ചികിത്സ സൗകര്യങ്ങളാണ് നമ്മ ക്ലിനിക്കുകളുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.