ന്യൂഡൽഹി: മുസഫർനഗർ ജില്ലയിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക വർഗീയമായി അധിേക്ഷപിക്കുകയും സഹപാഠികെളക്കൊണ്ട് തല്ലിക്കുകയും ചെയ്ത സംഭവത്തിൽ തങ്ങളുടെ ഉത്തരവുകൾ അനുസരിക്കാത്ത ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
രണ്ടാം ക്ലാസിൽ പഠിക്കുന്ന മുസ്ലിം വിദ്യാർഥിക്കും സഹപാഠികൾക്കും കൗൺസലിങ് നൽകണമെന്ന കോടതി ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കിയില്ലെന്ന് ജസ്റ്റിസുമാരായ അഭയ് ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കടുത്ത നടപടി ഒഴിവാക്കാൻ യു.പി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേസിൽ അടുത്തതവണ വാദം കേൾക്കുമ്പോൾ ഹാജരാകണം. ഇതുമായി ബന്ധപ്പെട്ട് യു.പി സർക്കാറിന്റെ സത്യവാങ്മൂലം ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
മുസ്ലിം വിദ്യാർഥിക്കും സഹപാഠികൾക്കും കൗൺസലിങ് നൽകാൻ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനെ (ടിസ്) കോടതി ചുമതലപ്പെടുത്തി. കൗൺസലിങ് നടത്താൻ ‘ടിസി’ന് സൗകര്യങ്ങൾ ഒരുക്കണം. അടുത്ത വാദം കേൾക്കുന്ന ഡിസംബർ 11ന് മുമ്പ് യു.പി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം. സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് തുഷാർ ഗാന്ധിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിനാണ് തല്ലിച്ചതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം. മുസ്ലിം വിദ്യാർഥിക്ക് സ്വകാര്യ സ്കൂളിൽ തുടർപഠനത്തിന് അവസരമൊരുക്കാൻ നവംബർ ആറിന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു. സംഭവം തന്റെ മകന് കനത്ത ആഘാതമേൽപിച്ചിരിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് വിദഗ്ധരെ നിയോഗിച്ച് കൗൺസലിങ് നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. സംഭവത്തിന്റെ വിഡിയോ വൈറലാകുകയും ദേശീയതലത്തിൽ വൻ കോളിളക്കമുണ്ടാക്കുകയും ചെയ്തതോടെ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകുകയുംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.