ബംഗളൂരു: യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതി അവഗണിച്ചതിന് എസ്.ഐക്കും പൊലീസിനും സസ്പെൻഷൻ. ഹുബ്ബള്ളി നഗരത്തിൽ ബെൻഡിഗേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചന്ദ്രകാന്ത്, കോൺസ്റ്റബിൾ രേഖ ഹവറെഡ്ഡി എന്നിവരെയാണ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ രേണുക സുകുമാർ സസ്പെൻഡ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ട യുവതിയുടെ ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കളുടെ പരാതിയാണ് അവഗണിച്ചത്. വീരപുര ഓനിയിൽ അഞ്ജലി അംബിഗെരയാണ്(20) കൊല്ലപ്പെട്ടത്. അക്രമി കെ. വിശ്വ എന്ന ഗിരീഷ് (27) കൃത്യം ചെയ്തശേഷം രക്ഷപ്പെട്ടു. യുവതിയുടെ വല്ല്യമ്മ ഗംഗമ്മയും സഹോദരിമാരും മാത്രമുള്ള സമയത്താണ് അക്രമി വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് തുരുതുരാ കുത്തി കൊല്ലുകയായിരുന്നു.
രക്ഷിതാക്കൾ അറിയാതെ ഒരുമിച്ച് മൈസൂരുവിൽ പോവാൻ അഞ്ജലിയെ വിശ്വ നിർബന്ധിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു. യുവാവിന്റെ മോശം പശ്ചാത്തലം അറിയുന്നതിനാൽ ഇതുസംബന്ധിച്ച് മുത്തശ്ശി പൊലീസിൽ പരാതി നൽകിയിരുന്നു. വഴങ്ങിയില്ലെങ്കിൽ നേഹയുടെ അനുഭവമുണ്ടാകുമെന്ന് അഞ്ജലിയെ ഭീഷണിപ്പെടുത്തിയ കാര്യം ഉണർത്തിയായിരുന്നു പരാതി.
എന്നാൽ വെറുതെ തോന്നുന്നതാണെന്നും അതിന്റെ പേരിൽ കേസെടുക്കാനാവില്ലെന്നും പറഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു. വിശ്വ ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസിന് അറിയാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.