കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പിന് ഇക്കുറി മാനങ്ങളേറെയാണ്. ചോദ്യക്കോഴ ആരോപിച്ച് പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര മത്സരിക്കുന്ന മണ്ഡലം. ശത്രുവായ മഹുവ വീണ്ടും പാർലമെന്റിൽ എത്താതിരിക്കാൻ എല്ലാ അടവും പയറ്റുന്നുണ്ട് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ പ്രചാരണത്തിന് എത്തിയത് രണ്ടു തവണയാണ്. കഴിഞ്ഞ ദിവസം അമിത് ഷായും കൃഷ്ണനഗറിൽ വന്നിറങ്ങി
എന്നാൽ, ഇതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്ന മട്ടിലാണ് മഹുവയുടെ പ്രചാരണം. പാർലമെന്റിൽ ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ നടത്തുന്ന തീപ്പൊരി പ്രസംഗമൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മഹുവ ഉപയോഗിക്കുന്നില്ല. പാർലമെന്റിൽ തന്നെ പുറത്താക്കിയതും ചർച്ചയാക്കുന്നില്ല. മണ്ഡലത്തിലെ വികസനവും തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ജനക്ഷേമ പ്രവർത്തനങ്ങളും പച്ചയായ ബംഗാളി ഭാഷയിൽ സംസാരിച്ചാണ് വോട്ടുപിടിത്തം.
ഉഷ്ണതരംഗം മറികടക്കാൻ അതിരാവിലെ തുടങ്ങുന്ന റോഡ് ഷോയാണ് പ്രധാന പ്രചാരണ രീതി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന, വടക്കൻ ബംഗാൾ വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തിലെ മുക്കും മൂലയിലും എത്താൻ റോഡ് ഷോ മാത്രമാണ് മാർഗം. യാത്രക്കിടെ കാത്തുനിൽക്കുന്ന സ്ത്രീകളെ കണ്ടാൽ വാഹനം നിർത്തി ആലിംഗനം ചെയ്യും.
വൈകീട്ട് റാലികളെ അഭിസംബോധന ചെയ്യും. സ്ത്രീകൾക്കുള്ള സംസ്ഥാന സർക്കാറിന്റെ കന്യാശ്രീ, ലക്ഷ്മി ഭണ്ഡാർ, രൂപശ്രീ പദ്ധതികൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മഹുവ. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയും മണ്ഡലത്തിൽ പ്രചാരണത്തിനായി ഒന്നിലധികം തവണ എത്തി.
കഴിഞ്ഞ തവണ കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് 65,000 വോട്ടിനായിരുന്നു മഹുവയുടെ വിജയം. ഇക്കുറി ഭൂരിപക്ഷം ലക്ഷം കടക്കുമെന്നാണ് മഹുവ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു സീറ്റിലും മികച്ച ഭൂരിപക്ഷത്തിന് പാർട്ടി എം.എൽ.എമാർ ജയിച്ചതും മഹുവ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മണ്ഡലത്തിൽ മത്സരം കടുപ്പമാണെന്നാണ് പാർട്ടി പ്രവർത്തകരുടെ വിലയിരുത്തൽ. കൃഷ്ണനഗർ ഉൾപ്പെടുന്ന നാദിയ ജില്ലയിലുണ്ടായ വർഗീയ കലാപങ്ങളും പൗരത്വ ഭേദഗതി വിജ്ഞാപനവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്.
മഹുവയുടെ പ്രചാരണ രീതിയിൽ പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. പ്രചാരണത്തിന് അവരുടെതായ ടീം ഉണ്ടെന്നും ആവശ്യമുണ്ടെങ്കിൽ മാത്രമേ തങ്ങളുടെ സഹായം തേടുന്നുള്ളൂ എന്നുമാണ് പ്രവർത്തകരുടെ പരാതി.
കോടീശ്വരിയും രാജകുടുംബാംഗവുമായ രാജമാതാ എന്നറിയപ്പെടുന്ന അമൃത റോയിയെയാണ് ബി.ജെ.പി കളത്തിലിറക്കിയിട്ടുള്ളത്. ഫാഷൻ ഡിസൈനറായ, രാഷ്ട്രീയ പരിചയമില്ലാത്ത അമൃത അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. കൃഷ്ണനഗറിൽ അമൃതയുടെ രാജകുടുംബത്തിന് ചരിത്രപ്രാധാന്യം ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് ബി.ജെ.പി അവരെ തെരഞ്ഞെടുപ്പിലേക്ക് ഇറക്കുകയായിരുന്നു.
ബംഗ്ലാദേശിൽനിന്ന് കുടിയേറിയെത്തിയ മതുവ സമുദായത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കൃഷ്ണനഗർ മണ്ഡലത്തിൽ വലിയ വോട്ടുബാങ്കാണ് മതുവ വിഭാഗം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും മതുവ സമുദായത്തിന് സ്വാധീനമുള്ള സൗത്ത് ബംഗാളിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിരുന്നു. ഇവരുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പൗരത്വ ഭേദഗതി വിജ്ഞാപനം കൊണ്ടുവന്നതെന്ന ആക്ഷേപമുണ്ട്.
കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുന്ന സി.പി.എം, എസ്.എം സാദി എന്ന മുസ്ലിം സ്ഥാനാർഥിയെ ആണ് നിർത്തിയിരിക്കുന്നത്. മുൻ എം.എൽ.എ കൂടിയാണ് സാദി. 29 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന്റെ വോട്ട് സി.പി.എമ്മിന് പോകുമെന്നും തങ്ങൾ വിജയിക്കുമെന്നും ബി.ജെ.പി നാദിയ ജില്ല വനിത നേതാവ് തുലിക ഭട്ടാചാര്യ പറഞ്ഞു.
സി.പി.എമ്മിന് കഴിഞ്ഞ തവണ 8.9 ശതമാനം വോട്ടാണ് ലഭിച്ചത്. 2014ൽ 29 ശതമാനത്തോളം ലഭിച്ചിരുന്നു. കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്നതിൽ ഇക്കുറി നേട്ടമുണ്ടാക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.