ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജിക്കെതിരെ ജംഇയ്യതുൽ ഉലമ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു. ഹരജിക്കാരനായ അഭിഭാഷകൻ അശ്വിനി ഉപാധ്യയ് മുന്നോട്ടുവെക്കുന്ന വിഷയം നേരത്തേ പരിഗണനക്കുവന്നപ്പോൾ ഭരണഘടന കോടതി തീരുമാനമെടുത്തിരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ജംഇയ്യതുൽ ഉലമ, ഉപാധ്യയയുടെ ഹരജിയിൽ അനുകൂലവിധിയുണ്ടായാൽ രാജ്യത്തെ നിരവധി മുസ്‍ലിം പള്ളികൾക്കെതിരായ നിയമ നടപടിക്കുള്ള വാതിൽ തുറക്കപ്പെടുമെന്നും അത് മതപരമായ ഭിന്നിപ്പിന് ആക്കംകൂട്ടുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
'91ലെ നിയമപ്രകാരം രാജ്യത്തെ ആരാധനാലയങ്ങൾക്ക് 1947 ആഗസ്റ്റ് 15ന് നിലവിലുള്ള അവസ്ഥയിൽ നിന്ന് മാറ്റം വരുത്താൻ പാടില്ല. എന്നാൽ, ഈ തീയതി നിശ്ചയിച്ചത് ശരിയല്ലെന്നും അക്രമകാരികൾ നശിപ്പിക്കുകയും മാറ്റംവരുത്തുകയും ചെയ്ത ആരാധനാലയങ്ങൾ തിരിച്ചു പിടിക്കുന്നതിന് തടസമാവുന്നതിനാൽ നിയമം റദ്ദാക്കണമെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കവേ, ചില വകുപ്പുകളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം തേടി സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.
മധുര, കാശി എന്നിവിടങ്ങളിലടക്കമുള്ള മുസ്‍ലിം പള്ളികൾ മുമ്പ് ക്ഷേത്രങ്ങളായിരുന്നുവെന്നും അവ തിരിച്ചു പിടിക്കണമെന്നുമുള്ള ചില ഹിന്ദു സംഘടനകളുടെ ആവശ്യം ഉയരുന്ന ഘട്ടത്തിലാണ്, അതിന് തടസം നിൽക്കുന്ന '91ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹരജിക്കെതിരെ ജംഇയ്യതുൽ ഉലമ ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.