ഷിൻഡെയും താക്കറെയും രണ്ടു ദിവസത്തിനകം കൂടിക്കാഴ്ച നടത്തുമെന്ന് മറാത്തി നടിയുടെ ട്വീറ്റ്

മുംബൈ: അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതായി ശിവസേന നേതാവായി സ്വയം അവകാശപ്പെട്ട മറാത്തി നടി ദീപാലി സെയ്ദ്.

ചില ബി.ജെ.പി നേതാക്കൾ താക്കറെയും ഷിൻഡെയും തമ്മിലുള്ള യോഗത്തിന് മധ്യസ്ഥത വഹിക്കുമെന്നും അവർ ട്വീറ്റ് ചെയ്തു. എന്നാൽ ദീപാലിക്ക് പാർട്ടിയിൽ ഒരു പദവിയുമി​ല്ലെന്ന് ശിവസേന അറിയിച്ചു.

ദീപാലി സെയ്ദ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ താനെ ജില്ലയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്ന് ശിവസേന ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2014ൽ അഹമ്മദ്‌നഗർ ജില്ലയിൽ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

'ശിവസൈനികരുടെ വികാരം കണക്കിലെടുത്ത് ഉദ്ധവ് താക്കറെയുടെയും ഏക്നാഥ് ഷിൻഡെയുടെയും കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടക്കും. ഷിൻഡെ ശിവസേനാ പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കി. താക്കറെ കുടുംബനാഥനെപ്പോലെ വലിയ മനസോടെ അത് സ്വീകരിച്ചു. ചില ബി.ജെ.പി നേതാക്കൾ ഈ യോഗത്തിന് മധ്യസ്ഥത വഹിക്കുന്നുണ്ട്' ദീപാലി ട്വീറ്റ് ചെയ്തു. ദീപാലി സെയ്ദ് ശിവസേന നേതാവാണെന്നാണ് അവരുടെ ട്വിറ്ററിൽ നൽകിയത്.

എന്നാൽ ഉദ്ധവും ഷിൻഡെയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ഞാൻ പാർട്ടിയിലെ വളരെ ചെറിയ പ്രവർത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാ വികാസ് അഘാഡിയുടെ തകർച്ചയെത്തുടർന്ന് ഷിൻഡെയും ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസമായിട്ടും സർക്കാർ മന്ത്രിസഭ വിപുലീകരിക്കാത്തതിനെതിരെ ഡൽഹിയിലുള്ള റാവുത്ത് ആഞ്ഞടിച്ചു.

'ഭരണഘടനാ പ്രശ്‌നമുള്ളതിനാൽ മന്ത്രിസഭ വിപുലീകരണം നടന്നിട്ടില്ല. ഷിൻഡെ ക്യാമ്പിലുള്ള 40 വിമത ശിവസോനാ എം.എൽ.എമാർ അയോഗ്യതാ ഭീഷണി നേരിടുന്നവരാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അവർ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായാൽ അവരെ അയോഗ്യരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Marathi actress tweeted that Shinde and Thackeray will meet within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.