ന്യൂഡൽഹി: ഇന്ത്യയിൽ വർഷം തോറും പുതിയ ഐ.ഐ.ടിയും ഐ.ഐ.എമ്മും സ്ഥാപിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ അമേരിക്കൻ പ്രസ്താവന തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് പുതുതായി ഐ.ഐ.ടിയോ ഐ.ഐ.എമ്മോ സ്ഥാപിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കി.
കുമാർ കേൽകർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത് പുതുതായി ഒരു ഐ.ഐ.ടിയും ഐ.ഐ.എമ്മും തുറന്നിട്ടില്ലെന്ന് സഹ മന്ത്രി സുഭാഷ് സർക്കാർ രാജ്യസഭയെ അറിയിച്ചത്. അഞ്ച് വർഷത്തിനകം രാജ്യത്ത് പുതുതായി തുറന്ന ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും എത്രയാണ്? അവയിൽ നിന്ന് പുറത്തുവന്ന വിദ്യാർഥികളെത്രയാണ്? പുതുതായി സർവകലാശാലകൾ ആരംഭിച്ച നഗരങ്ങൾ ഏതൊക്കെയാണ്? എന്നിവയായിരുന്നു എം.പി ഉന്നയിച്ച ചോദ്യങ്ങൾ.
നിലവിൽ 23 ഐ.ഐ.ടികളും 20 ഐ.ഐ.എമ്മുകളുമാണ് രാജ്യത്തുള്ളതെന്നും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പുതിയ ഐ.ഐ.ടിയോ ഐ.ഐ.എമ്മോ തുറന്നിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. രാജ്യത്ത് പുതുതായി എട്ട് കേന്ദ്ര സർവകലാശാലകളും നാല് ഡീംഡ് സർവകലാശാലകളും 90 സർക്കാർ സർവകലാശാലകളും 140 സ്വകാര്യ സർവകലാശാലകളുമാണ് സ്ഥാപിച്ചതെന്നും മറുപടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.