ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കാലത്ത് അടച്ചിട്ട എല്ലാ ആരാധനാലയങ്ങളും തുറന്നുകൊടുത്തിട്ടും താഴത്തെ നിലയിൽ ഏതാനും പേർക്ക് നമസ്കാരം പരിമിതപ്പെടുത്തി കടുത്തനിയന്ത്രണം തുടരുന്ന നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തെ ബംഗ്ലേവാലി പള്ളിയുടെ മുകൾ നിലകൾ 'ശഅ്ബേ ബറാത്തി'ന് നിയന്ത്രണങ്ങളോടെ ഒരു ദിവസത്തേക്ക് മാത്രം തുറക്കാമെന്ന് ഹൈകോടതി.
ഒരു ദിവസം ഉച്ചക്ക് 12 മുതൽ പിറ്റേന്ന് വൈകീട്ട് നാലു വരെ മാത്രം തുറന്ന് സാമൂഹിക അകലവും കോവിഡ് പ്രോട്ടോകോളും പാലിച്ച് ഓരോ നിലയലും 100 പേർക്ക് വീതം നമസ്കരിക്കാൻ അനുവാദം നൽകാമെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. വിദേശികൾ പള്ളിയിൽ നമസ്കരിക്കാൻ വരരുതെന്ന് ഡൽഹി പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം ആരോപിച്ച് അടച്ചിടും മുമ്പ് ആയിരക്കണക്കിനാളുകൾ സ്ഥിരമായി പ്രാർഥനക്ക് എത്താറുണ്ടായിരുന്ന പള്ളി രണ്ടു വർഷം കഴിഞ്ഞിട്ടും പൂർണമായും തുറന്നുകൊടുത്തിട്ടില്ല. മർകസ് പള്ളി കോവിഡ് വ്യാപിപ്പിെച്ചന്ന പ്രചാരണം വ്യാജമാണെന്ന് കോടതി വിധിച്ചിരുന്നു. ഡൽഹിയിൽ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും നിസാമുദ്ദീൻ മർകസിലെ പള്ളി മാത്രമാണ് അടച്ചിട്ടിരിക്കുന്നത്.
വളരെ പരിമിതമായ ആളുകൾക്കായി താഴത്തെ നില മാത്രം കഴിഞ്ഞ വർഷം ഏപ്രിൽ 15ന് തുറന്നുകൊടുത്ത ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ എതിർപ്പിനെ തുടർന്നാണ് പള്ളി പൂർണമായും തുറക്കാത്തത്. പള്ളി തുറന്നുകിട്ടാൻ ഹൈകോടതിയെ സമീപിച്ച ഡൽഹി വഖഫ് ബോർഡ് നടപടിയും കേന്ദ്രം ചോദ്യം ചെയ്തു. കേസിലുള്ള പള്ളിയാണ് അതെന്നാണ് കേന്ദ്രത്തിന്‍റെ വാദം. പള്ളിയുടെ അടച്ചിട്ട മൂന്നു നിലകൾകൂടി 'ശഅ്ബേ ബറാത്തി'ന് ഒരു ദിവസത്തേക്ക് മാത്രം തുറക്കാമെന്നാണ് ബുധനാഴ്ച ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.