ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ ട്രസ്റ്റ് സമർപ്പിച്ച അപേക്ഷ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി. പ്രത്യേക ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിെൻറ ആവശ്യത്തെ ഭരണസമിതി ശക്തമായി എതിർത്തു. 25 വർഷത്തെ പ്രത്യേക ക്ഷേത്ര ഓഡിറ്റ് നടത്താനാണ് സുപ്രീംകോടതി ഉത്തരവെന്ന് ട്രസ്റ്റ് വാദിച്ചു. ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് കോടതി നിർദേശം.
എന്നാൽ ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങ്ങിലേക്ക് കൊണ്ടുവരാനാണ് ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും തീരുമാനമെന്നും അത് തടയണമെന്നും അഭിഭാഷകർ വാദിച്ചു. എന്നാൽ, ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിെൻറ കൈവശമാണെന്നും ഭരണസമിതി വാദിച്ചു. ക്ഷേത്രത്തിെൻറ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്റ്റ്. അതിനാൽ ട്രസ്റ്റിനെ ഓഡിറ്റിൽനിന്ന് ഒഴിവാക്കാനാകില്ല.
അതിനാൽ ക്ഷേത്രത്തിെൻറ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ ശിപാർശയെ തുടർന്നാണ് സുപ്രീംകോടതി 25 വർഷത്തെ പ്രത്യേക ഓഡിറ്റിന് ഉത്തരവിട്ടതെന്നും ട്രസ്റ്റിലും ഓഡിറ്റ് നടത്തണമെന്നത് ശിപാർശയിലുണ്ടായിരുന്നുവെന്നും ഭരണസമിതി വാദിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ട്രസ്റ്റിെൻറ അപേക്ഷയിൽ ഉത്തരവ് പറയാനായി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.