'നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നത് പോലും അവരുടെ ധാര്‍ഷ്‌ട്യം'; കടുത്ത ഭാഷ‍യിൽ കോടതി

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി ഇന്ന് നടത്തിയത് കടുത്ത പരാമർശങ്ങൾ. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കീഴ് കോടതികളെ സമീപിക്കാതെ ഹരജിയുമായി നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നതുപോലും അവരുടെ ധാർഷ്ട്യമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കീഴ് കോടതികളിലെ മജിസ്ട്രേറ്റുമാർ തനിക്ക് മുന്നിൽ തീരെ ചെറുതാണെന്നാണോ അവർ കരുതുന്നത് എന്നും കോടതി ചോദിച്ചു.

പ്രവാചക നിന്ദയെ തുടർന്ന് തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഒറ്റ കേസായി പരിഗണിക്കണമെന്നും ഡൽഹിയിലേക്ക് മാറ്റണമെന്നുമുള്ള ആവശ്യവുമായാണ് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ മനീനന്ദർ സിങ്ങാണ് നൂപുറിന് വേണ്ടി ഹാജരായത്. മുംബൈ, ഹൈദരാബാദ്, ശ്രീനഗർ എന്നിവിടങ്ങളിൽ നൂപുർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഹരജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുന്നതായി നൂപുറിന്‍റെ അഭിഭാഷകൻ പറഞ്ഞു. 

നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയ ടൈംസ് നൗ ചാനലിലെ ചർച്ചക്കെതിരെയും കോടതി വിമർശനമുയർത്തി. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ചർച്ച. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഇത്തരത്തിലുള്ള ഒരു ചർച്ച എന്തിനുവേണ്ടിയാണെന്ന് കോടതി ചോദിച്ചു.

മേയ് 27ന് 'ടൈംസ് നൗ' ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.

നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്നാണ് സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കവേ വ്യക്തമാക്കിയത്. പാർട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്ന് പറഞ്ഞ കോടതി, നൂപുർ ശർമയുടെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം കാരണക്കാരി നൂപുർ ശർമയാണ്. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നുപൂറിന്‍റെ പ്രസ്താവന കാരണമാണെന്ന് കോടതി പറഞ്ഞു.

Tags:    
News Summary - The petition smacks of her arrogance Supreme court on Nupur Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.