ന്യൂഡൽഹി/ഇംഫാൽ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ അഞ്ചുപേരെയാണ് ഞായറാഴ് അറസ്റ്റ്ചെയ്തതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. പൊലീസ് ആയുധശാലയിൽനിന്ന് കൊള്ളയടിച്ച എ.കെ47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈയിലേന്തിയാണ് ഇവർ ജനങ്ങളെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്നത്. യു.എ.പി.എ നിയമപ്രകാരം നിരോധിക്കപ്പെട്ട കാംഗ്ലീപാക്ക് കമ്യൂണിസ്റ്റ് പാർട്ടി (കെ.സി.പി) ന്യോൺ ഗ്രൂപ്പിലെ അംഗമെന്ന് സംശയിക്കുന്ന എം. ആനന്ദ്സിങ് (45) ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ആനന്ദ്സിങ് ദേശസുരക്ഷ നിയമപ്രകാരം ഉൾപ്പെടെ ആറുതവണ ജയിലിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൊലീസ് യൂനിഫോം ദുരുപയോഗം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മണിപ്പൂർ പൊലീസ് ആവർത്തിച്ചു. കലാപകാരികൾ പൊലീസ് യൂനിഫോം ധരിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ജൂലൈയിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് യൂനിഫോമിലെത്തിയ ആയുധധാരികളായ സംഘമാണ് ഒരാഴ്ചമുമ്പ് മൂന്ന് ആദിവാസികളെ കൊലപ്പെടുത്തിയത്. ഇതേതുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു.
അതേസമയം, ആയുധങ്ങളുമായി അറസ്റ്റിലായ അഞ്ചുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മെയ്തേയി വനിതകളുടെ കൂട്ടായ്മയായ മീര പെയ്ബിയും അഞ്ച് പ്രാദേശിക ക്ലബുകളും ആഹ്വാനംചെയ്ത 48 മണിക്കൂർ ബന്ദ് ഇംഫാൽ താഴ്വരയിലെ ജില്ലകളിൽ ജനജീവിതത്തെ ബാധിച്ചു.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കുറച്ച് വാഹനങ്ങൾ മാത്രമാണ് ഓടിയത്. ബന്ദിനെത്തുടർന്ന് ചൊവ്വാഴ്ചയിലെ 10ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വനിതകളുടെ കൂട്ടായ്മ തിങ്കളാഴ്ച പ്രധാന പാതകൾ ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.