ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം വെള്ളിയാഴ്ച ചേരാനിരിക്കെ, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരുകയെന്ന നിർദേശം നടപ്പാകാൻ സാധ്യത മങ്ങി. ഇതിനിടെ, വെളിച്ചെണ്ണക്ക് നികുതി കൂട്ടാനുള്ള നീക്കത്തിനെതിരെ യോഗത്തിൽ കേരളം എതിർപ്പ് അറിയിക്കും. നിലവിലെ അഞ്ചു ശതമാനം നികുതി 18 ശതമാനമായി ഉയർത്തുമെന്നാണ് നേരത്തേയുള്ള സൂചന.
പെട്രോളിനും ഡീസലിനും ഒറ്റ നികുതിയെന്ന ആശയം ചർച്ചക്കു വെക്കുേമ്പാൾതന്നെ, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനെതിരാണ്. രണ്ടു കൂട്ടരുടെയും നികുതി വരുമാനം ഗണ്യമായി ചോരുന്നതുതന്നെ കാരണം. സംസ്ഥാനങ്ങൾക്ക് പ്രാദേശിക നികുതികൾ ഇൗടാക്കാൻ കഴിയാതെ വരും. കേന്ദ്രത്തിനാകട്ടെ, കിട്ടുന്നത് 50:50 അനുപാതത്തിൽ സംസ്ഥാനങ്ങൾക്ക് വീതം വെക്കുകയും വേണം. ഇപ്പോൾ പെട്രോളിന് ലിറ്ററിന്മേൽ കിട്ടുന്ന 32.50 രൂപയുടെയും 31.80 രൂപയുടെയും എക്സൈസ് നികുതി മുഴുവൻ കേന്ദ്രഖജനാവിലേക്കാണ്.
കോവിഡ് അവശ്യ വസ്തുക്കൾക്കുള്ള നികുതിയിളവ് നീട്ടാനുള്ള നിർദേശം കൗൺസിലിൽ ഉണ്ടായേക്കും. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷ്യവിതരണ കമ്പനികൾ ജി.എസ്.ടി കൊടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവന്നേക്കും. നഷ്ടപരിഹാര സെസ് തുടരുന്ന കാര്യമാണ് മറ്റൊരു ചർച്ച വിഷയം.
കോവിഡ് സാഹചര്യങ്ങൾ മൂലം 20 മാസത്തിനു ശേഷമാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗം നടക്കുന്നത്. ലഖ്നോവിലാണ് ഇത്തവണ യോഗം. കേരളത്തെ പ്രതിനിധാനം ചെയ്യാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലഖ്നോവിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.