ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തിൽ സുപ്രീംകോടതി വിധി അട്ടിമറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ നിയമന രീതി മാറ്റുന്ന ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പു കമീഷണർമാരെയും നിയമിക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി പകരം കേന്ദ്രമന്ത്രിയെ നിയോഗിക്കുന്ന ബിൽ ആണ് നിയമ മന്ത്രി അർജുൻ റാം അവതരിപ്പിച്ചത്. സംഘർഷം മുറ്റിയ അന്തരീക്ഷത്തിൽ നടുത്തളത്തിലേക്ക് കുതിച്ച പ്രതിപക്ഷ നേതാക്കളെ സുരക്ഷ ഗാർഡുകളെ നിരത്തി തടഞ്ഞായിരുന്നു വിവാദ ബിൽ അവതരണം.
പ്രധാനമന്ത്രി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി നിയമനം നടത്തുന്ന രീതി നിർത്തലാക്കുന്നതായിരുന്നു സുപ്രീംകോടതി വിധിയെങ്കിൽ അതേ പ്രധാനമന്ത്രിക്കുതന്നെ നിർണയാധികാരം നൽകുന്നതാണ് ‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും തെരഞ്ഞെടുപ്പു കമീഷണർമാരും (സേവന-കാലാവധി നിയമന വ്യവസ്ഥകൾ) ബിൽ, 2023’ എന്ന ബിൽ. ഇതുപ്രകാരം പ്രധാനമന്ത്രിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പുറമെ പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രിയും കൂടി അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റു തെരഞ്ഞെടുപ്പു കമീഷണർമാരെയും ഇനി രാഷ്ട്രപതി നിയമിക്കുക. ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലെങ്കിൽ തൽസ്ഥാനത്ത് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും ബിൽ വ്യക്തമാക്കി.
മൂന്നംഗ സെലക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവിന്റെ എതിർപ്പ് ഗൗനിക്കാതെ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ കഴിയുന്ന തരത്തിലേക്ക് പ്രക്രിയ മാറും. അതേസമയം, മൂന്നു പേരില്ലാതെയും തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ ഏതെങ്കിലും അംഗത്തിെന്റ ഒഴിവുണ്ടെന്ന കാരണത്താൽ മാത്രം മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനം അസാധുവാകില്ല എന്ന 7(2) വകുപ്പ് കൂടി പുതിയ ബില്ലിലുണ്ട്.
കേന്ദ്ര സർക്കാറിൽ സെക്രട്ടറി റാങ്കിലോ തത്തുല്യ പദവിയിലോ പ്രവർത്തിച്ച, തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അറിവും പരിചയവും വിശ്വാസ്യതയുമുള്ളവരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായും തെരഞ്ഞെടുപ്പ് കമീഷണർമാരായും നിയമിക്കാമെന്ന് ബില്ലിലെ 5-ാം വകുപ്പ് വ്യക്തമാക്കുന്നു. നിയമത്തിലെ 6-ാം വകുപ്പ് പ്രകാരം മൂന്നംഗ സെലക്ഷൻ കമ്മിറ്റി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണർമാരെയും തെരഞ്ഞെടുക്കുന്നത് സെർച്ച് കമ്മിറ്റി നൽകുന്ന അഞ്ചു പേരുടെ പട്ടികയിൽനിന്നായിരിക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് ഈ സെർച്ച് കമ്മിറ്റി.
സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ യാഥാർഥ്യമാക്കാൻ കേന്ദ്രം നിയമം കൊണ്ടുവരുന്നതുവരെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും തിരഞ്ഞെടുക്കണം എന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നത്. വിധിപ്രസ്താവത്തിൽ ‘കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നതുവരെ’ എന്ന വാചകത്തിൽ പിടിച്ചാണ് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ എന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.